ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊറോണോ വാക്‌സിന്‍ ഓഗസ്റ്റ് 15ന് വിപണിയിലെത്തിക്കാനുള്ള ഐസിഎംആറിന്റെ പരിശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതായി സംശയം. തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന ‘വിദഗ്ധന്മാര്‍’ ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നാണ് സംശയങ്ങള്‍ ഉയരുന്നത്. മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ് ഇവര്‍ വര്‍ത്തമാനം പറയുന്നതെങ്കില്‍ വാക്‌സിന്‍ പരീക്ഷണ രംഗത്ത് രാപകലില്ലാതെ പണിയെടുക്കുന്ന ശാസ്ത്രജ്ഞരുടെ മനോവീര്യം തകര്‍ക്കുന്ന മട്ടില്‍ ഇടപെടലുമായി ഇറങ്ങിത്തിരിക്കില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഓഗസ്റ്റ് 15ന് കൊവിഡ് വാക്സിന്‍(കൊവാക്സിന്‍) പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആദ്യ കൊവിഡ് വാക്സിന്‍ ഓഗസ്റ്റ് 15ന് പുറത്തിറക്കാനുള്ള സമയക്രമത്തില്‍ ചില ആരോഗ്യ വിദഗ്ധര്‍ സംശയം ഉന്നയിക്കുന്നു. ഇവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്.
കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ ഒന്നും രണ്ടും ഘട്ടം ക്ലിനിക്കല്‍ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയശേഷം 2020 ഓഗസ്റ്റ് 15ന് വാക്സിന്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരുന്നത്. ജൂലൈ രണ്ടിനായിരുന്നു ഭാര്‍ഗവയുടെ ഈ വെളിപ്പെടുത്തല്‍.
ഒരു ഡസനിലേറെ സ്ഥാപനങ്ങള്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിലേക്കു കടന്നതായി ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഇതിന് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ പരീക്ഷണത്തിന്റെ ഗതിവേഗം കൂട്ടാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ തദ്ദേശീയമായി വാക്സിന്‍ വികസിപ്പിക്കാനായാല്‍ അത് രാജ്യത്തിന് വലിയ നേട്ടമായി മാറുമെന്നത് നിസ്തര്‍ക്കമാണ്.
വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഒന്നും രണ്ടും ഘട്ട ഫലപ്രാപ്തി പ്രധാനമാണെന്നതു ശരിതന്നെ. ഓരോ ഘട്ടവും മാസങ്ങള്‍ നീണ്ടുനിന്നേക്കാം. എങ്കിലും ആഗോളതലത്തില്‍ കൂടുതല്‍ ശക്തമായി വ്യാപിക്കുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതിനായി അതിവേഗത്തിലുള്ള പരീക്ഷണങ്ങളാണ് എവിടേയും നടത്തുന്നത്. ഇന്ത്യയിലെ വാക്സിന്‍ വികസിപ്പിക്കലിന്റെ പുരോഗതിയും ഇത്തരത്തില്‍തന്നെയാണ്.
ക്ലിനിക്കല്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവരില്‍നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അന്തിമതീരുമാനമെടുക്കുക. അതുകൊണ്ടുതന്നെ സമയബന്ധിതമായി പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 15ന് വാക്‌സിന്‍ പുറത്തിറക്കുന്നതിനെ ചില പൊതുജനാരോഗ്യ ഗവേഷകര്‍ എതിര്‍ക്കുകയാണ്. പരീക്ഷണത്തിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പുതന്നെ അതിന്റെ ഫലപ്രാപ്തി മുന്‍കൂട്ടി പ്രവചിക്കുകയാണോ എന്നാണ് അവരുടെ ചോദ്യം. അതിവേഗത്തിലുള്ള ഇത്തരം പരീക്ഷണങ്ങള്‍ വാക്സിന്‍ വികസനത്തില്‍ ലോകത്ത് ഒരിടത്തും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ഇതിന്റെ വേഗം കൂട്ടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. ഏതാനും ആരോഗ്യ വിദഗ്ധരും സമാനമായ രീതിയിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഉപയോഗത്തിലുള്ള ഏതൊരു മരുന്നും വാക്‌സിനും നൂറുശതമാനം വിജയപ്രദമാണെന്നോ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണെന്നോ നിര്‍മാതാക്കളോ ഡോക്ടര്‍മാരോ അവകാശപ്പെടുന്നല്ല. നമ്മുടെ ജീവിതശൈലി, പതിവായി കഴിക്കുന്ന ഭക്ഷണം, മരുന്നുകള്‍, മാറുന്ന കാലാവസ്ഥ, മുമ്പ് കഴിച്ചിട്ടുള്ള വാക്‌സിനുകള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് ഔഷധങ്ങളുടെ ഫലപ്രാപ്തി നിലകൊള്ളുന്നത്.
കൊവിഡ് മഹാമാരിയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ പിടഞ്ഞുവീണ് മരണപ്പെടുമ്പോള്‍ പ്രതിരോധത്തിനുപകരിക്കുന്ന മരുന്നും വാക്‌സിനും മനുഷ്യകുലത്തിന് ആകെ പ്രയോജനപ്രദമായിത്തീരും. അതിനൊക്കെ നിസാര കാരണങ്ങള്‍ പറഞ്ഞ് ഉടക്കിട്ട് പരാജയത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതു തന്നെ.