ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ സമരങ്ങളോടനബന്ധിച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ അക്രമികള്‍ സംഘം ചേര്‍ന്നത് 125 അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയെന്നതടക്കമുള്ള വെളിപ്പെടുത്തലുകളുമായി വിവിധ കേസുകളിലെ കുറ്റപത്രങ്ങള്‍. അക്രമങ്ങള്‍ക്കിടെ നടന്ന മൂന്നുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയല്‍ചെയ്ത മൂന്നു കുറ്റപത്രങ്ങളിലാണ് കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുള്ളത്.
കലാപകാരികളെ ഏകോപിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും കുറഞ്ഞത് 125 അംഗങ്ങളുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചുവെന്നും ‘മുസ്ലിംകളെ കൊല്ലുക’, ‘മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ വലിച്ചെറിയുക’ എന്നിങ്ങനെയുള്ള ആഹ്വാനങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആവശ്യമുള്ളപ്പോള്‍ ആളുകളെയിറക്കാനും തോക്കുകള്‍ സംഘടിപ്പിക്കാനും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് ഉപയോഗിച്ചതെന്നും മൂന്ന് കുറ്റപത്രങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്.
ആയുധധാരികള്‍ വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി അവരുടെ പേര്, വിലാസം, തിരിച്ചറിയല്‍ രേഖ എന്നിവ ചോദിക്കുകയും ‘ജയ് ശ്രീറാം’ എന്ന് ഉച്ചത്തില്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും ആമിന്‍, ഭുരെ അലി, ഹംസ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിലെ കുറ്റപത്രങ്ങളില്‍ വിശദീകരിക്കുന്നു. അക്രമത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും പോലീസ് സൂചിപ്പിക്കുന്നു.
‘അവര്‍ (പ്രതികള്‍) മുസ്‌ലിംകളെ കൊല്ലാന്‍ തീരുമാനിച്ചു, അത് ആരായാലും കൊലപ്പെടുത്തും’ എന്ന തരത്തിലായിരുന്നു വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. ഫെബ്രുവരി 25 ഉച്ചയ്ക്കും ഫെബ്രുവരി 26 അര്‍ധരാത്രിക്കുമിടയില്‍ ഈ പ്രതികള്‍ അവര്‍ക്കു മുന്നിലെത്തിയ ഒമ്പത് മുസ്‌ലിം വ്യക്തികളെ ആക്രമിച്ച് കൊലപ്പെടുത്തി. ഭഗീരഥി വിഹാറിലും മറ്റ് പ്രദേശങ്ങളിലും നിരവധി പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ലോകേഷ് സോളങ്കി (19), പങ്കജ് ശര്‍മ (31), അങ്കിത് ചൗധരി (23), പ്രിന്‍സ് (22), ജതിന്‍ ശര്‍മ (19), ഹിമാന്‍ഷു താക്കൂര്‍ (19), വികാസ് പഞ്ചാല്‍ (20), റിഷാബ് ചൗധരി (20), സുമിത് ചൗധരി (23) എന്നിങ്ങനെ ഒമ്പതുപേരെയാണ് മൂന്നു കുറ്റപത്രങ്ങളിലായി പ്രതി ചേര്‍ത്തിട്ടുള്ളത്. വാട്‌സ്ആപ്പ് സംഭാഷണങ്ങളെ പ്രധാന തെളിവുകളായി കണക്കാക്കുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
ഫെബ്രുവരി 25ന് രാത്രി 9.30ഓടെ ഭഗീരഥി വിഹാറിലെ സി-ബ്ലോക്കിലാണ് ആമിന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് അക്രമികള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഫെബ്രുവരി 26ന് രാവിലെ 10.30ഓടെ ഭൂരേ അലി കൊല്ലപ്പെടുകയും ആമീന്റെ അതേ സ്ഥലത്തുതന്നെ വലിച്ചെറിയപ്പെടുകയും ചെയ്തു. ഫെബ്രുവരി 26ന് രാത്രി 9.15ഓടെ മുസ്തഫാബാദില്‍നിന്നു വരുന്ന സമയത്ത് ഹംസയെ പ്രതികള്‍ കൊലപ്പെടുത്തുകയും ഇ-ബ്ലോക്കിലെ ഡ്രെയിനേജിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

