ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി വോഡഫോണ്‍-ഐഡിയ, വരിക്കാരും കമ്പനിയെ ഉപേക്ഷിക്കുന്നു

ഇന്ത്യന്‍ കോര്‍പ്പറേറ്റ് വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 73,878 കോടി രൂപയാണ് കമ്പനിയുടെ അറ്റ നഷ്ടം.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 14,603.9 കോടിയായിരുന്നു.സ്പെക്ട്രം ചാര്‍ജ് ഉള്‍പ്പെടെ സുപ്രീം കോടതി വിധി പ്രകാരമുള്ള നിയമാനുസൃത കുടിശ്ശിക നല്‍കുന്നതിനുള്ള വകയിരുത്തല്‍ വന്നതാണ് നഷ്ടം കൂടാനുള്ള കാരണം. 51,400 കോടി രൂപ കുടിശ്ശിക നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നു.2019-20 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 44,957.5 കോടി രൂപയാണ്. 2018-19ല്‍ ഇത് 37,092.5 കോടി രൂപയായിരുന്നു.

വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലറും തമ്മിലുള്ള ലയനം 2018 ഓഗസ്റ്റിലാണ് പ്രാബല്യത്തില്‍ വന്നത്.ഇതു മൂലം 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക ഫലങ്ങള്‍ ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കമ്പനി അറിയിച്ചു.
ട്രായിയുടെ ഫെബ്രുവരി മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ ജിയോയും എയര്‍ടെലും ബിഎസ്എന്‍എലും പിടിച്ചുനിന്നു. എന്നാല്‍, വോഡഫോണ്‍ ഐഡിയക്ക് ഫെബ്രുവരിയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.

ഫെബ്രുവരി 29 നു ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 116.59 കോടിയാണ്. ഫെബ്രുവരിയില്‍ 41.5 ലക്ഷം പേരാണ് പുതിയതായി ചേര്‍ക്കപ്പെട്ടത്. വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 34.67 ലക്ഷം വരിക്കാരെയാണ്. ഡിസംബറില്‍ ജിയോയ്ക്ക് കേവലം 82,308 അധിക വരിക്കാരെയാണ് ലഭിച്ചതെങ്കില്‍ ജനുവരിയില്‍ ഇത് 65.55 ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ 62 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.28 കോടിയായി. നവംബറില്‍ ജിയോയിലേക്ക് വന്നത് 88.01 ലക്ഷം പേരായിരുന്നു.

ഫെബ്രുവരി മാസത്തില്‍ ബിഎസ്എന്‍എല്ലിന് പുതുതായി ലഭിച്ചത് 4.39 ലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.92 കോടി ആയി. ഭാരതി എയര്‍ടെലിന് ജനുവരിയില്‍ 9.22 ലക്ഷം വരിക്കാരെ ലഭിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.90 കോടിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →