തൂത്തുക്കുടി: സാത്താൻ കുളം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പിതാവും മകനും ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായി. ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുത്തുരാജ് മുരുകൻ എന്നിവരെ ആണ് കേസന്വേഷിക്കുന്ന സി ബി സി ഐ ഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന രഘു ഗണേശനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സ്റ്റേഷൻ ഇപ്പോൾ ജില്ലാകളക്ടറുടെ കസ്റ്റഡിയിലാണ്.
Read more… തൂത്തുക്കുടി ഇരട്ട കസ്റ്റഡിമരണം; സബ് ഇൻസ്പെക്ടർ രഘു ഗണേശ് അറസ്റ്റിൽ
ഹൈക്കോടതി വിധിയെ തുടർന്നാണ് പോലീസ് സ്റ്റേഷൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഏറ്റെടുത്തത്. കളക്ടറുടെ കസ്റ്റഡിയിലായ പോലീസ് സ്റ്റേഷനിൽ സിബിഐ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മർദ്ദനത്തിന് ഉപയോഗിച്ച് ഉപകരണങ്ങൾ കണ്ടെടുക്കുകയുണ്ടായി. കൊല്ലപ്പെട്ടവരുടെ ചോരപുരണ്ട ഇരുമ്പ് പൈപ്പ് ഉൾപ്പെടെ നിരവധി തെളിവുകൾ ഇവിടെ വന്ന് ലഭിച്ചു. സാത്താൻ കുളം ലോക്കപ്പ് മരണം രാജ്യത്ത് വലിയ വിവാദമായി ഇപ്പോഴും എരിഞ്ഞ് നിൽക്കുകയാണ്.
നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ സംഭവം പുറം ലോകത്ത് എത്തിച്ചിട്ടുമുണ്ട്. ഏകാധിപതികളുടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന വാർത്ത മാതിരി ഉള്ള ഈ സംഭവം രാജ്യത്തിൻറെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചുകഴിഞ്ഞു. നിയമവാഴ്ച്ച തീരെയില്ലാത്ത പോലീസ് ഭരണത്തിന്റെ ഉദാഹരണമായി സാത്താൻ കുളം സംഭവം ചിത്രീകരിക്കപ്പെട്ടു. സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന് പിഴവ് തിരുത്തുവാൻ തമിഴ്നാട് പോലീസ് ഏജൻസികൾക്ക് കഴിയുകയില്ല എന്ന തുറന്നു സമ്മതിക്കുന്ന വിധം മുഖ്യ മന്ത്രിതന്നെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുകയാണ്.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ സിബിഐ അന്വേഷണം ത്വരിതഗതിയിൽ ആയിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സിബിഐ അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് തെളിവുകൾ നഷ്ടപ്പെടാതെ ഇരിക്കുന്നതിനാണ് കോടതി നിർദേശപ്രകാരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജില്ലാ കളക്ടർ ശ്രമിക്കുന്നത്.

