തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. മുന്നണി യോഗത്തിലേക്ക് പങ്കെടുപ്പിക്കേണ്ട എന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്. യുഡിഎഫ് നേതൃയോഗം എടുത്ത തീരുമാനം നടപ്പാക്കിയാൽ അപ്പോൾ മുതൽ ജോസ് കെ മാണി വിഭാഗത്തെ യോഗത്തിലേക്ക് ക്ഷണിക്കും. യുഡിഎഫ് യോഗത്തിനുശേഷം തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. നാല് പതിറ്റാണ്ടായി രൂപീകരിക്കപ്പെട്ട യുഡിഎഫിന് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കെഎം മാണിയുടെത്. അദ്ദേഹത്തിൻറെ മരണത്തിനുശേഷം കേരള കോൺഗ്രസ് പാർട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പരിഹരിക്കുവാൻ യുഡിഎഫ് നേതൃത്വവും കക്ഷികളും പരമാവധി ശ്രമിച്ചു. പക്ഷേ തർക്കങ്ങൾ പരിഹരിക്കാതെ മുന്നോട്ടു നീങ്ങി. അങ്ങനെയെങ്കിൽ രണ്ടു പാർട്ടികളായി മുന്നണിക്കുള്ളിൽ പ്രവർത്തിക്കട്ടെ എന്ന നിലയിൽ ആയിരുന്നു തീരുമാനം. അതിനിടയിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി കൈമാറ്റം സംബന്ധിച്ച പ്രശ്നം കേരളകോൺഗ്രസിൽ നിന്നും ഉണ്ടാകുന്നത്. യുഡിഎഫ് ഇടപെട്ട് അതിൽ തീരുമാനം ഉണ്ടാക്കി. എട്ടു മാസക്കാലം ജോസ് കെ മാണി പക്ഷത്തിനും പിന്നീടുള്ള ആറു മാസം പി ജെ ജോസഫ് പക്ഷത്തിനും പ്രസിഡണ്ട് പദവി പങ്കുവയ്ക്കുവാൻ സമ്മതിച്ചുകൊണ്ട് ബന്ധപ്പെട്ട കക്ഷികൾ എല്ലാവരും ഉൾപ്പെട്ട തീരുമാനം ഉണ്ടാക്കി. ഇതിൻ പ്രകാരം എട്ടു മാസം കഴിഞ്ഞിട്ടും ജോസ് കെ മാണി പക്ഷം സ്ഥാനമൊഴിഞ്ഞു കൊടുത്തില്ല. മൂന്നുമാസം കൂടി കടന്നുപോയി. ജില്ലാ പഞ്ചായത്തിൻറെ കാലാവധി തീരുവാൻ ഇനി മൂന്ന് മാസം മാത്രമാണ് അവശേഷിക്കുന്നത്. ആ സമയത്ത് എഗ്രിമെൻറ് പ്രകാരം ജോസഫ് പക്ഷത്തെ പ്രസിഡണ്ട് ആകണമെന്ന് ആവശ്യം യുഡിഎഫ് നേതൃത്വം മുമ്പിൽ വന്നു. അതിൽ എടുത്ത തീരുമാനം നടപ്പായില്ല. തീരുമാനം യുഡിഎഫ് നേതൃത്വത്തിന്റേതാണ്. അത് നടപ്പാക്കാൻ കഴിഞ്ഞില്ല എങ്കിൽ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. തീരുമാനം നടപ്പാക്കാൻ ജോസ് കെ മാണി പക്ഷം തയ്യാറാകാതെ വന്നതോടുകൂടി യുഡിഎഫ് യോഗങ്ങളിൽ നിന്ന് മാറ്റി നിർത്താനാണ് തീരുമാനിച്ചത്. അക്കാര്യമാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നേരത്തെ അറിയിച്ചത്.
ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. മാറ്റി നിർത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. രമേശ് ചെന്നിത്തല വിശദീകരിച്ചു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിൻറെ ഭാഗത്തുനിന്നും ജാഗ്രതക്കുറവ് ഉണ്ട് എന്ന് യുഡിഎഫ് യോഗം വിലയിരുത്തി. പ്രവാസികളുടെ കാര്യം കൈകാര്യം ചെയ്യുന്നതിനും വീഴ്ചയുണ്ടായി. എന്നാൽ പ്രവാസിസംഘടനകൾ ഇടപെട്ട് ഗൾഫ് നാടുകളിൽ ബുദ്ധിമുട്ടിയിരുന്ന മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രവർത്തിച്ചു. ഗൾഫ് മലയാളികളുടെ സംഘടനകൾക്ക് യുഡിഎഫിനെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുവാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിശദമായ പദ്ധതി തയ്യാറാക്കാൻ യുഡിഎഫ് തീരുമാനിച്ചു. പ്രവാസി സംഘടനാ പ്രതിനിധികളും പ്രമുഖ പ്രവാസിനേതാക്കളും പങ്കെടുക്കുന്ന ഗ്ലോബൽ പ്രവാസി വെർച്വൽ മീറ്റ് ജൂലൈ 15ന് വിളിച്ചുചേർക്കും.
സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും സ്ഥിതി മോശമാണ്. ക്ഷേമനിധിയിൽ നിന്നും ആയിരം രൂപ വച്ച് നൽകിയതുകൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. കോവിഡിനെ മറവിൽ നടക്കുന്ന കൊള്ളകൾ തടയാൻ സർക്കാരിന് കഴിയുന്നില്ല. ഇതെല്ലാം മുൻനിർത്തി ജൂലൈ ഒമ്പതിന് പഞ്ചായത്തുതലത്തിൽ യുഡിഎഫിന് നേതൃത്വത്തിൽ 10 പേർ മാത്രം പങ്കെടുക്കുന്ന ധർണ നടത്തും. ആരോഗ്യ വകുപ്പിനെ പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും പരിപാടി നടക്കുക. യുഡിഎഫ് യോഗത്തിലെ മറ്റു തീരുമാനങ്ങൾ ഇവയൊക്കെയാണ് എന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു.