കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് മണ്ണുമാന്തി യന്ത്രത്തില്‍, ആന്ധ്രയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കൊവിഡ് 19 ബാധിച്ച് മരിച്ച 70-കാരനായ മുന്‍ നഗരസഭ ജീവനക്കാരന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ജെസിബിയില്‍. ആന്ധ്രപ്രദേശിലെ പലസ മുനിസിപ്പാലിറ്റിയിലെ ഉദയപുരത്താണ് സംഭവം.
മണ്ണുമാന്തി യന്ത്രത്തില്‍ മൃതദേഹം കൊണ്ടുപോയ സംഭവം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കി. പ്രതിഷേധം വ്യാപകമായതോടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പലസ മുനിസിപ്പല്‍ കമ്മീഷണര്‍ നഗേന്ദ്ര കുമാര്‍, സാനിറ്ററി ഇന്‍സ്പെക്ടര്‍ എന്‍.രാജീവ് എന്നിവരെയാണ് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
പലസ മുനിസിപ്പാലിറ്റിയിലെ ഉദയപുരത്തുള്ള വീട്ടില്‍ വെച്ചാണ് 70കാരന്‍ മരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് മണ്ണുമാന്തി യന്ത്രത്തില്‍ മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. പിപിഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അതേസമയം, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. ഇത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

