ടാല്‍കം പൗഡറില്ലാതെ ഒരു പലചരക്കു ലിസ്റ്റും പൂര്‍ണമാകുന്നില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ഓരോ വീട്ടിലും ഒന്നോ രണ്ടോ തരം ടാല്‍കം പൗഡറാണുണ്ടാകാറുള്ളത്. കുളി കഴിഞ്ഞാല്‍ മുഖത്തും ദേഹത്തും പൗഡറിടുന്ന രീതി പതിവാണ്. ശരീരത്തിലെ നനവ് വലിച്ചെടുക്കുന്നതിനും സുഗന്ധമുണ്ടാകാനുമായി കൊച്ചു കുഞ്ഞുങ്ങളുടെ ദേഹത്തും പൗഡര്‍ ഇടുന്ന ശീലമുണ്ട്.
ഇന്ത്യയില്‍ സ്വയം പരിചരണ ഉത്പന്നങ്ങളുടെ കൂട്ടത്തില്‍ വലിയൊരു സ്ഥാനമാണ് ടാല്‍ക് അടിസ്ഥിതമായ ടാല്‍കം പൗഡര്‍. ഒരു ടിന്‍ ടാല്‍ക്കം പൗഡര്‍. കുളി കഴിഞ്ഞ് മുഖത്തും ഈര്‍പ്പം നില്‍ക്കുന്നതും വിയര്‍പ്പ് നാറ്റം ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ ശരീര ഭാഗങ്ങളിലെല്ലാം സുഗന്ധമുള്ള പൗഡര്‍ ഇടുക. ഇത് കാലങ്ങളായി ഇന്ത്യക്കാരന്റെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഒരു ടിന്‍ ടാല്‍ക്കം പൗഡറില്ലാത്ത വീടുകള്‍ തന്നെ ഇന്ത്യയില്‍ ചുരുക്കമായിരിക്കും. രാജ്യത്ത് പ്രതിവര്‍ഷം 700 കോടിയുടെ വ്യവസായമാണ് ടാല്‍ക്കം പൗഡര്‍ വഴി ഉണ്ടാവുന്നതെന്നാണ് കണക്ക്.
എന്താണ് ടാല്‍ക്ക്?
ഏററവും മൃദുവായ ഒരു ധാതുവാണ് ടാല്‍ക്ക്. കൈയ്യില്‍ എടുക്കുമ്പോള്‍ ഒരു സോപ്പ് പിടിക്കുന്ന അനുഭവമുണ്ടാകും. ഭൂജന്യമായതും, സിലിക്കണ്‍, മഗ്നീഷ്യം, ഓക്സിജന്‍ തുടങ്ങിയ മൂലകങ്ങളുടെ ഒരു സംയുക്തം ആണിത്. രാസപരമായി ഇതിനെ ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് എന്ന് പറയും. ഇന്ന് ടാല്‍കിന് ഭക്ഷ്യവിഭവങ്ങളിലും സൗന്ദര്യത്തിനും സ്ഥാനമുണ്ട്. ടാല്‍ക് പൗഡര്‍ നിര്‍മാണത്തിനു മാത്രമല്ല മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ടെന്ന് ചുരുക്കം. അരിമണികള്‍ പൊളിഷ് ചെയ്യുവാനും ചൂ-ഇന്‍-ഗത്തില്‍ ആവരണമായുമൊക്കെയാണ് ടാല്‍ക് ഉപയോഗിക്കുന്നത്. പേപ്പര്‍ ,ടെക്സ്റ്റൈല്‍, റബ്ബര്‍ ,സിറാമിക്സ് ,സോപ്പ്, ഡിറ്റര്‍ജന്റ്, ചൂ-ഇന്‍-ഗം, ഒലീവ് ഓയില്‍ എന്നീ വ്യവസായങ്ങളിലെ പ്രധാനപ്പെട്ട ഒരു പദാത്ഥമാണിത്.
ആരോഗ്യ പ്രശ്‌നം
ടാല്‍ക്കില്‍ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ടാല്‍ക്കംപൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിന് പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ആസ്ബസ്റ്റോസാണ്. ആസ്ബസ്റ്റോസുമായുള്ള സമ്പര്‍ക്കം ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ പല അസുഖങ്ങള്‍ക്കും ഹേതുവാകും എന്നാണ്. ലോകാരോഗ്യ സംഘടന പറയുന്നത്. കൂടാതെ ആസ്ബസ്റ്റോസിന് ഒരു സുരക്ഷിതമായ അളവ് പറയാന്‍ പറ്റില്ല എന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് സംഘടന പറഞ്ഞിരിക്കുന്നത്.
പൗഡറും അണ്ഡാശയ കാന്‍സറും
പഠനങ്ങള്‍ പ്രകാരം സ്ത്രീകള്‍ ടാല്‍ക്കം പൗഡറുകള്‍ ജനനേന്ദ്രിയ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നത് കാന്‍സര്‍ സാധ്യത സാധരണയില്‍ നിന്ന് 40 ശതമാനം വര്‍ധിപ്പിക്കുമെന്നാണ്. ഇന്റര്‍ നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറും ഇക്കാര്യം പറയുന്നുണ്ട്. ചുരുക്കത്തില്‍ ടാല്‍ക്കം പൗഡര്‍ കാന്‍സര്‍ ഹേതവാണോ എന്നതിന്റെ ഉത്തരം അതില്‍ ആസ്ബറ്റോസ് അടങ്ങിയിരിക്കുന്നോ എന്നതിനെ ആശ്രയിച്ചായിരിക്കും. ആസ്ബസ്റ്റോസ് ഇല്ലാത്ത പൗഡറുകള്‍ സുരക്ഷിതമാണ്. അല്ലാത്തവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ടാല്‍കം പൗഡര്‍ അണ്ഡാശയകാന്‍സറിന് കാരണമാകുമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും പറയുന്നുണ്ട് ജനനേന്ദ്രീയ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന പൗഡറിന്റെ അംശങ്ങള്‍ യോനിയിലൂടെ ഗര്‍ഭാശയങ്ങളിലേക്കും അണ്ഡാശയകുഴലുകളിലേക്കും എത്തുന്നതാണ് ഇതിനുള്ള കാരണം.
അതായത് സൂക്ഷിച്ച് ഉപയോഗിക്കുക എന്ന് അര്‍ഥം.
കൊച്ചിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും കാന്‍ക്യുവര്‍ ഫൗണ്ടേഷന്റെ മെഡിക്കല്‍ അഡൈ്വസറുമാണ് ഡോ. മോഹനന്‍ നായര്‍.
