ലോകത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണ് ബ്രസീല്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്. 1,364 പേരാണ് ഇവിടെ മരിച്ചത്. കൂടാതെ പുതിയതായി 40,131 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 11.51 ലക്ഷമായി. 52,771 പേരാണ് ഇതുവരെ മരിച്ചത്. ലാറ്റിന്‍ അമേരിക്കയിലെ ആകെ മരണത്തില്‍ പകുതിയിലേറെയും ബ്രസീലിലാണ്. 5,03,507 പേര് കൊവിഡില്‍ നിന്ന് മുക്തരായിട്ടുണ്ട്. 4,31,983 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 8,000 ലേറെ പേരുടെ നില അതീവ ഗുരുതരമാണ്.
അതേസമയം, ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സനാരോ ഇപ്പോഴും കൊവിഡിനെ ചെറുതായി തന്നെയാണു കാണുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അതു സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നും കൊവിഡിനെക്കാള്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ബൊല്‍സനാരോ പറയുന്നു. ഔദ്യോഗിക കണക്കിന്റെ ഏഴിരട്ടിയാണ് ബ്രസീലിലെ യഥാര്‍ഥ കൊവിഡ് ബാധിതര്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലക്ഷം പേരില്‍ 14 പേര്‍ക്കു മാത്രമാണ് ബ്രസീല്‍ പരിശോധന നടത്തുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നു. കണക്കിലുള്ളതിന്റെ 20 ഇരട്ടി ആളുകള്‍ ബ്രസീലില്‍ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നുണ്ട്.
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്. പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 93.41 ലക്ഷമായി ഉയര്‍ന്നു. 4.78 ലക്ഷം പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 50.34 ലക്ഷം പേര് രോഗമുക്തി നേടി. 38.28 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 57,909 പേരുടെ നില ഗുരുതരമാണെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.

