ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയുമായ കെ കെ മഹേശൻ എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ.

കണിച്ചുകുളങ്ങര: ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും എസ് എന്‍ ഡി പി മൈക്രോ ഫൈനാൻസ് കോഡിനേറ്ററും സെക്രട്ടറിയുമായ കെ കെ മഹേശൻ എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിലെ സെക്രട്ടറിയുടെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. 60 പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എസ് എന്‍ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനുമായി ദീർഘകാലബന്ധമുള്ള ആളാണ് മഹേശൻ. കണിച്ചുകുളങ്ങര യൂണിയൻ ഭരണം, മൈക്രോ ഫൈനാൻസ് പണത്തിന്റെ കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ നിർണായക ചുമതലയുള്ള ആളായിരുന്നു മഹേശന്‍. ഇതുമായി ബന്ധപ്പെട്ട് സംഘടനാപരമായ അഭിപ്രായഭിന്നതകൾ മഹേശന്‍ നേരിട്ടിരുന്നു എന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ യുണിയൻ ഓഫീസിലെ ജീവനക്കാരനാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന മഹേശൻറെ മൃതശരീരം കണ്ടെത്തിയത്. തുടർന്ന് മറ്റു സ്റ്റാഫിനെ വിവരമറിയിക്കുകയായിരുന്നു.

ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എസ്എൻഡിപി യൂണിയൻ പ്രവർത്തകർ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുമുണ്ട്.

മൈക്രോ ഫൈനാൻസ് ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച കേസിൽതന്നെ പ്രതിയാക്കാൻ നീക്കമുണ്ട് എന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇതിനു ശ്രമിച്ചു വരുന്നത് എന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി ജി സുധാകരൻ എന്നിവരെ ഇക്കാര്യം ധരിപ്പിക്കുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

മെയ് മാസം പതിനാലാം തീയതി മഹേശൻ വെള്ളാപ്പള്ളി നടേശന് 47 പേജുള്ള ഒരു വിശദീകരണക്കുറിപ്പ് നൽകിയിരുന്നു. 31 വർഷമായി വെള്ളാപ്പള്ളി നടേശന്റെ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന തനിക്കെതിരെ മൈക്രോഫിനാൻസുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള സാമ്പത്തിക ആരോപണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവന്നിരുന്നു. ഇതിനുള്ള വിശദീകരണം അടങ്ങിയതായിരുന്നു കത്ത്. ആരോപണങ്ങളുടെ പേരിൽ വെള്ളാപ്പള്ളി നടേശൻ തന്നെ പറ്റി മോശമായി അഭിപ്രായപ്പെട്ടിരുന്നു എന്നും അത് ശ്രദ്ധയിൽ വന്നതിന്റെ പേരിലാണ് വിശദമായി കാര്യങ്ങൾ ധരിപ്പിക്കുന്നത് എന്നും പറഞ്ഞുകൊണ്ടാണ് കത്തെഴുതിയത്.

ഇതിൻറെ ബാക്കി എന്ന നിലയിലാണ് ആത്മഹത്യ സംഭവിച്ചിരിക്കുന്നത്. എസ്എൻഡിപി യോഗം നേതൃത്വത്തിന്റെ പിന്തുണയോടുകൂടി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുപ്പിക്കുന്ന യോഗ നേതാക്കൾക്കും അതിന് പിന്തുണ നൽകുന്ന യൂണിയൻ ഭാരവാഹികൾക്കും തന്റെ ജീവൻ സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →