ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹിരി വിപണിയ്ക്ക് ഉണര്‍വേകി കൊവിഡ് മരുന്ന് കമ്പനികള്‍. ഇന്ന് (22-06-20) രാവിലെ ആരംഭിച്ച ആഭ്യനന്തര വിപണി(ബിഎസ്ഇ സെന്‍സെക്‌സ്)യില്‍ ഗ്ലെന്‍മാര്‍ക്കിന്റെയും സിപ്ലയുടെയും ഓഹിരികളാണ് നേട്ടം കൊയ്തത്. സിപ്ല 52 ആഴ്ചയിലെ ഉയര്‍ന്ന തലത്തിലെത്തി. ഗെന്‍മാര്‍ക്കിന് ഉച്ചയ്ക്ക് ഓഹരി വില 40 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 572.70 രൂപയിലെത്തിയിരുന്നു. കമ്പനിയുടെ ഓഹരി വില നിലവില്‍ 14.4 മടങ്ങ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച്, ഗ്ലെന്‍മാര്‍ക്കിന്റെ യുഎസ് വരുമാനം ക്രമേണ പുതിയ ലോഞ്ചുകള്‍ക്കൊപ്പം വര്‍ദ്ധിക്കും. ഈ വര്‍ഷം ഇതുവരെ ഗ്ലെന്‍മാര്‍ക്ക് ഓഹരികള്‍ 53.16 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മയെ മറികടന്ന് 26.53 ശതമാനം നേട്ടമുണ്ടാക്കി. ജൂണില്‍ മാത്രം ഗ്ലെന്‍മാര്‍ക്ക് ഓഹരികള്‍ 50% ഉയര്‍ന്നു.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലെന്‍മാര്‍ക്കിന്റെയും സിപ്ലയുടെയും കൊവിഡ് മരുന്നുകളുടെ വിപണനത്തിന് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുകമ്പനികളുടെയും ഓഹിരികള്‍ നേട്ടത്തില്‍ അവസാനിച്ചത്. ഗ്ലെന്‍മാര്‍ക്കിന്റെ ആന്റിവൈറല്‍ മരുന്ന് ഫാബിഫല്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ്. സിപ്ലയുടെ കൊവിഡിനുള്ള റെംഡിസീവറിന്റെ മരുന്നും അടുത്തുതന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് -19 രോഗികള്‍ക്ക് ചികിത്സയ്ക്കായി ഒരു ടാബ്ലെറ്റിന് 103 രൂപ എന്ന നിരക്കില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഫാബിഫ്ലു എന്ന പേരില്‍ ആന്റിവൈറല്‍ മരുന്ന് ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗവസ്ഥകളുള്ളവരിലും കോവിഡ്-19 ലക്ഷണങ്ങള്‍ മിതമാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കാം.34 ടാബ്ലെറ്റുകളുടെ ഒരു സ്ട്രിപ്പിന് പരമാവധി 3,500 രൂപയാണ് നിരക്കെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. കോവിഡ്-19 ചികിത്സയ്ക്കായി ഇന്ത്യയില്‍ അംഗീകരിച്ച ആദ്യത്തെ ഓറല്‍ ഫെവിപിരാവിര്‍ മരുന്നാണ് ഫാബിഫ്ലു.
അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 179.59 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 34911.32 ല്‍ എത്തി. നിഫ്റ്റി 66.80 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 10311.20 ല്‍ എത്തി. ഏകദേശം 1848 ഓഹരികള്‍ ഇന്ന് മുന്നേറി. 853 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. 159 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഫിനാന്‍സ്, ഫാര്‍മ, ഓട്ടോ, മെറ്റല്‍ ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.
ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, വേദാന്ത എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ വിപ്രോ, ഗെയില്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ടിസിഎസ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.