ലോക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്നു. എയർഇന്ത്യയുടെ ബോയിങ് വിമാനം കാലിഫോർണിയയിൽ നിന്ന് പാതിരാ കഴിഞ്ഞ് നെടുമ്പാശേരിയിൽ ഇറങ്ങുന്നത് കണ്ട അൽപ ആശ്വാസത്തോടെ ഉറങ്ങാൻ കിടന്നതാണ് ഞാൻ. അത്രയെങ്കിലും ഭാരതീയർ പ്രത്യേകിച്ചും കേരളീയർ ദുരിത കടലിൽ നിന്നു രക്ഷപ്പെട്ടുവല്ലോ.
കണ്ണുകളിൽ ഉറക്കക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് പതിവിനു വിപരീതമായി വെളുത്തിട്ടും മയങ്ങി കിടന്നു. ‘മാഷേ’ എന്ന പരിഭവം കലർന്ന വിളി കേട്ടാണ് ഞെട്ടിയുണർന്നത്. ശബ്ദത്തിൽ നിന്ന് ആളെ പിടികിട്ടി.
ചന്ദ്രനാണ്. ചേർന്നു താമസിക്കുന്ന ചന്ദ്രശേഖരൻ. വെറുതെ ഈസിയായി സംസാരിക്കുമ്പോഴും മുള കീറുന്നത് കുറുമ്പൻ ശബ്ദമാണ് അയാൾക്ക്. പരിഭ്രമം കൂടിയായാൽ പിന്നെ പറയുകയും വേണ്ട.
ചേർന്ന പറമ്പുകാരൻ ആണെങ്കിലും ചന്ദ്രന്റെ വീട് അല്പം ഉയർന്ന ഭൂമിയിലാണ്. എന്റെ വീട്ടിൽ ഇരുന്നാൽ എന്നാൽ ഇടതുവശത്തെ ചെറിയ കുന്നിൻ മുകളിൽ. പഴയകാലത്ത് തറവാട്ടു കാരണവരായി കുഞ്ചു മേനോൻ പണികഴിപ്പിച്ച നാലുകെട്ട്. കാലപ്പഴക്കം കൊണ്ട് നാലുകെട്ട് ഇപ്പോൾ ഒറ്റ ഗോപുരത്തിൽ നിൽക്കുന്ന ഒരു വയസ്സൻ. എവിടെയെങ്കിലും ഒരു ആണിയടിച്ചാൽ മതി ഒന്നായി ചുമരടരും. അടർന്ന തുള്ളിയിൽ നിന്ന് പൊടിമണ്ണ് നിർത്താതെ വീഴ്ചയാരംഭിക്കും.
ഇത്രയും പറഞ്ഞതുകൊണ്ട് തോന്നിപ്പോവും. വീട് ചന്ദ്രന്റെയായിരിക്കുമെന്ന്. വീട് ചന്ദ്രന്റെയൊന്നുമല്ല. അയാളുടെ അനിയത്തി ജയശ്രീയുടെതാണ്. പഴയ തറവാട്ടു വീട്ടിലും വീടിരിക്കുന്ന രണ്ടര ഏക്കർ പറമ്പും അയാളുടെ അമ്മ മാധവിയമ്മ കനിഷ്ഠ പുത്രി ജയശ്രീക്ക് ഇഷ്ടദാനം നൽകിയതാണ്. മാധവിയ മ്മ എന്താ മകൾക്കു മാത്രം ഇഷ്ടദാനം നൽകിയത് എന്ന എന്റെ സംശയത്തിന് ചന്ദ്രൻ പറഞ്ഞ മറുപടി, ‘അമ്മയ്ക്കു ഞങ്ങൾ നാല് ആൺ പിള്ളേരും അനിയത്തിയായി ജയശ്രീയും ആണ്. ചേട്ടന്മാർക്ക് പതിനഞ്ചും പത്തും ഒക്കെ വയസ്സായപ്പോഴാണ് ഞാനും ജയന്തിയും ജനിക്കുന്നത്. ഏട്ടന്മാർ മൂന്നുപേരും നല്ല ജോലിയിൽ ആയിട്ടും ഞങ്ങൾ ഹൈ സ്കൂൾ വിട്ടു പോന്നിട്ടില്ല. അവരൊക്കെ നല്ല നിലയിലായി കല്യാണം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് പേടി. പെണ്ണും പിടക്കോഴിയും ഒക്കെയായി കഴിയുന്നവർ അനിയനെയും അനിയത്തിയെയും ശ്രദ്ധിച്ചില്ലെങ്കിലോ? അങ്ങനെയാണ് തറവാടും തറവാട്ടു പറമ്പും ചേനം കോളിലെ നിലങ്ങളും ജയശ്രീയുടെ പേരിൽ ഇഷ്ടദാനം നൽകിയത്. തറവാട്ടു പറമ്പും നിലങ്ങളും, പഠിക്കാൻ ഒട്ടും താൽപര്യമില്ലാതിരുന്ന എന്നെ, നോക്കി നടത്താനും ഏർപ്പാടാക്കി.’
‘അമ്മ മരിക്കുന്നതുവരെ കാര്യങ്ങൾ കുന്നും കുഴിയും ഇല്ലാതെ പോയി. എന്റെ കല്യാണം കഴിഞ്ഞു.’
‘ജയശ്രീക്ക് കൊള്ളാവുന്ന ബന്ധുതയ്ക്ക് താമസം വന്നു. എന്റെ ഭാര്യ സാവിയെ അവൾക്ക് ഇഷ്ടപ്പെട്ടില്ല. തൊട്ടതിനും പിടിച്ചതുമൊക്കെ വഴക്കിൽ എത്തിച്ചു. ദിവസവും കലപില.’
‘സാവി പറഞ്ഞത് ജയശ്രീക്ക് അസൂയയാണെന്നാണ്. കല്യാണം കഴിയാത്ത സൂക്കേട്. അതല്ലെന്ന് വരുത്താൻ ഓരോരോ കാരണങ്ങൾ നിരത്തുമത്രേ. നിതംബമിറങ്ങുന്ന മുടി. മുഖക്കുരു ഇല്ലാത്ത മുഖം. കത്തി കൊക്ക് പോലെ കൂർത്ത മാറ്. ഒതുങ്ങിയ അരക്കെട്ട്. അവൾക്ക് അസൂയയാന്നേ ചന്ദ്രേട്ടാ. കുശുമ്പ്. അല്ലാണണ്ടൊന്ന്വല്ല. അവളെ പിടിച്ചു കല്യാണം കഴിപ്പിക്ക്. ന്നാലെ സൂക്കേട് മാറൂ. സാവി യോട് ഞാൻ എന്നും പറഞ്ഞു. ഒന്നും പറയാൻ പോണ്ട. ഇതൊക്കെ സാവിടെ ഗുണങ്ങളും കൂടിയല്ലേ. അവൾ അടങ്ങി പലപ്പോഴും. ”ന്നാലും വല്ലാത്തൊരു ടൈപ്പാണെ.”
‘അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾക്കൊരു വിവാഹം തരമാക്കി. സാവിയുടെ അകന്ന ബന്ധത്തിൽ പെട്ട ഒരാളെ. അവളെ പോലെ തന്നെ ബിഎക്കാരൻ. ഒരു പാവം സാത്വികൻ. പഞ്ച പാവം. വായിൽ വിരൽ കടത്തി കുഴച്ചു മറിച്ചാലും പ്രതികരിക്കില്ല. കൽക്കത്തയിൽ കമ്പനി ജോലിയിൽ. വർഷത്തിൽ ഒരു മാസം ലീവ്.
രണ്ടു വർഷത്തിൽ ആയി രണ്ടു കുട്ടികൾ.
മൂത്തവൾ സുസ്മിത. രണ്ടാമത്തോൻ സൂരജ്. പിള്ളേരു രണ്ടായതോടെ അവൾ ആളാകെ മാറി. പഴയ ദേഷ്യം പകയായി വളർന്നു. പക വെറുപ്പിന്റെ കാലിയായി.’
‘ഞാനും കുടുംബവും തറവാട്ടു വീട്ടിൽ താമസിക്കാൻ പാടില്ല. ഇഷ്ടദാനം കിട്ടിയ പറമ്പിൽ കാലുകുത്താൻ പാടില്ല. ചേനം കോളിൽ കൃഷിയിറക്കി പട്ടിണി മാറ്റ ണ്ട. അമ്മ ഒരു തീർപ്പ് അഭ്യർത്ഥിച്ചു. അമ്മയുടെ കാലം കഴിയുന്നതുവരെ പിൻ മുറിയിൽ കഴിയട്ടെ. അന്നുമുതൽ പിന്നിലെ ഒറ്റമുറിയിൽ സാവിയും രണ്ടു മക്കളും ഞാനും. കക്കൂസില്ല, കുളിമുറിയില്ല, അലക്കുകല്ലില്ല, കിണർ ഇല്ല.’
‘തീർപ്പും ഉറപ്പും ഉണ്ടാക്കാതെ അമ്മ പോയി. പെങ്ങളോട് അനിഷ്ടം പറയാതെ ഏട്ടന്മാരും ജോലി സ്ഥലങ്ങളിലേക്ക് പറന്നു. കടന്നുപോ എന്റെ വീട്ടീന്ന് എന്ന ശകാരം കേട്ട് ദിവസവും പുലർന്നു. അവളുടെ രണ്ട് മക്കളും കാലിഫോർണിയായിൽ. മൂത്തവൾ സ്വിസ് ബാങ്കിൽ. സൂരജ് സോഫ്റ്റ്‌വെയർ എൻജിനീയർ.’
‘നാടാകെ പറമ്പുകൾ വാങ്ങിക്കൂട്ടി. കാലിഫോർണിയായിൽ വില്ലകൾ. ബാംഗ്ലൂരിൽ ഫ്ലാറ്റുകൾ. ശകാരത്തിന് ആക്കം കൂടി. വാക്കുകൾക്കു മൂന കൂർത്തു. നാണക്കേടാണ് എനിക്കും എന്റെ മക്കൾക്കും. ഒറ്റമുറിയിലെ ധർമ്മം തെണ്ടികൾ. കടന്നുപോ പിച്ചക്കാരിയെ.’
‘മൂന്നുതവണ സാവി വിഷം കുടിച്ചു. മതി ഇനി വയ്യ. സ്വന്തം വീട്ടിലെ അടിമത്തം. മണ്ണെണ്ണ ചെന്ന് ചെന്ന് അവളുടെ വയർ തൈര് പോലെ കലങ്ങിക്കൂടിയിരിക്കണം. അതുകേട്ട് അനിയത്തി പറഞ്ഞത് എന്താണെന്നോ? ഇനി പറമ്പ് കൃഷി ഒന്നും വേണ്ട. അങ്ങനെ ഇപ്പോ അന്യരുടെ പറമ്പിന്ന് തിന്നു കൊഴുക്കണ്ട.’
‘ അപ്പോൾ ചേട്ടൻമാരൊന്നും?’
‘പലവട്ടം പറഞ്ഞു മാഷേ. അനിയത്തിയെ മുഷി പ്പിക്കാൻ ആർക്കും വയ്യ. അതോടെ കടുംപിടുത്തം കൂടി. പോലീസ് വന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. നിവർത്തികെട്ട് പോലീസിനോട് സമ്മതിച്ചു. ഏപ്രിൽ 15ന് പുറത്തുപോകാം.
എവിടേക്ക്? സാവിയേയും രണ്ടു മക്കളെയും കൊണ്ട്?
അറിയില്ല.
ഒന്നുമാത്രം ഓർമിച്ചു. ഏപ്രിൽ 15ന്. ഇല്ലെങ്കിൽ ചട്ടിയും കലവും പുറത്ത്. ഒരു ദിവസം വെളുപ്പിന് നോക്കുമ്പോൾ ഒറ്റ മുറിയുടെ തിണ്ണയിൽ തലതാഴ്ത്തി ഇരിക്കുകയാണ് ചന്ദ്രൻ. പിറകിൽ ഒരു കരിയില വീണാൽ തല കുത്തി താഴെ വീഴും.’
‘ഞാൻ ടെറസിൽ കയറി. അവിടെ നിന്നാൽ കൈ അകലം മാത്രം.’
‘എന്തുപറ്റി?’
ശിരസ്സുയർത്താൻ അദ്ധ്വാനിക്കാതെ ചന്ദ്രൻ. ‘ഒന്നുമില്ല മാഷേ വെറുതെ ആലോചിക്കുകയായിരുന്നു. ഈ ബന്ധുക്കൾക്ക് ഒന്നും ഒരർത്ഥംല്യാലെ മാഷേ?’
‘എന്തേ പ്പൊങ്ങനെ തോന്നാൻ!’ ഞാൻ വളരെ ശ്രദ്ധയോടെയാണ് ചോദിച്ചത്. അല്ല പാവങ്ങളുടെ കരളുരുകി യാൽ…… ളോർക്കെങ്ങനെ നീറും അല്ലേ? സംസാരിക്കാൻ അല്പം കൊഞ്ഞലും നടക്കാൻ സ്വല്പം താമസവും ഉള്ള ചന്ദ്രൻ നടന്നു നീങ്ങുന്നത് ദുർഗമായ പടവുകളിലേക്ക് ആണെന്നു മനസ്സിൽ മിന്നി. ‘ഞാൻ എന്റെ ചൂണ്ടുവിരലിൽ കൊണ്ടുനടന്ന കുഞ്ഞാണ് സൂരജ്. അവന്റെ കല്യാണം ആണ് നാളെ. എന്നെയും കുടുംബത്തെയും ക്ഷണിച്ചിട്ടില്ലെന്ന് മാത്രമല്ല ഒറ്റമുറി ഉള്ളിൽനിന്നു താഴെ ഇരിക്കുകയാണ്. ഈ അലവലാതികൾ ബന്ധവും പറഞ്ഞു കടന്നുചെല്ലാതിരിക്കാൻ. നാളെയാണു കല്യാണം. മുൻവശത്ത് ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതെങ്ങനെ ഞങ്ങൾ സഹിക്കും മാഷേ.’
ചുറ്റും ആളിക്കത്തുന്ന ഗാന്ധാകാഗ്നിക്കു നടുക്കാണ് ചന്ദ്രൻ എന്ന് എനിക്ക് തോന്നി. അയാളുടെ ശരീരത്തിൽ നിറഞ്ഞുനിൽക്കുന്ന വിയർപ്പുതുള്ളികൾ അല്ല, രക്തബിന്ദുക്കൾ ആണ്. അയാളുടെ കണ്ണുകളിൽ നിന്ന് താഴെ പതിക്കുന്നത് ചോരക്കട്ടകളാണ്.
അയാൾ നെഞ്ചിൽ ആഞ്ഞാഞ്ഞു കൈത്തലം അമർത്തി. നടുവൊടിഞ്ഞ് നാഗത്തെ പോലെ വളയുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ ഞാൻ താഴേക്ക് പോന്നു. സ്റ്റെപ്പ് ഇറങ്ങുമ്പോൾ കേട്ടു.
അപമാനത്തെക്കാൾ വലിയ ശിക്ഷ അപരാധം ഇല്ല. എന്റെ നെഞ്ച് കരിക്കുന്നവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കണേ തേവരെ… അദീന രോദനവും പ്രതികാരാഗ്നി അല്ലെന്നും വിശുദ്ധമായ മനസ്സിന്റെ നിഷ്കളങ്കമായ പരിദേവനം ആണെന്നും എനിക്കുറപ്പായിരുന്നു. അന്നും പിറ്റേന്നും അയാളും കുടുംബവും താഴോട്ട് ഒറ്റ മുറിക്കുള്ളിൽ നിശബ്ദം കഴിഞ്ഞു.
മൂന്നാം ദിവസം ആഘോഷ പൂർവ്വമായ വിവാഹത്തിനും സദ്യയ്ക്കു ശേഷം വധൂവരന്മാരുടെ ജയശ്രീയും ഭർത്താവും കാലിഫോർണിയയിലേക്ക് പറന്നു.
വീട്ടിൽ നിന്നിറങ്ങാൻ നേരം ജയശ്രീ ഉറക്കെ വിളിച്ചു പറയാൻ മറന്നില്ല.
‘ഏപ്രിൽ 15-ന് ഞങ്ങൾ വരുമ്പോൾ യാചകർ ഒഴിഞ്ഞ ഇരിക്കണം.’ ഏപ്രിൽ 15ന് അയാളുടെ അനിയത്തിക്കും ഭർത്താവിനും നാട്ടിലേക്ക് തിരിക്കാൻ ആയില്ല. കാലിഫോർണിയയുടെ ആകാശത്തിനു കീഴെ അദൃശ്യർ വല മുറുക്കി കഴിഞ്ഞിരിക്കുന്നു. മൂന്നാംഘട്ട അവസാനം ആയപ്പോഴാണ് വിമാനത്താവളങ്ങൾ മയക്കം ഉണർന്നത്.
ഇന്നിപ്പോൾ ചന്ദ്രന്റെ വരവ് എന്താകുമെന്ന് ആലോചിച്ച് എണീറ്റ് ചെല്ലുമ്പോൾ നേരെ മുന്നിൽ തന്നെ ചന്ദ്രൻ. ‘ചതിച്ചു മാഷേ അവർ എത്തിയിരിക്കുന്നു.’
‘ആര്?’
‘അവൾ ജയശ്രീയും ഭർത്താവും. കാറിൽ മകനും മകളും ഉണ്ടാവും ഞാൻ എന്തു ചെയ്യും മാഷേ. ഇനി അവധിയില്ല. ഇക്കാലത്ത് ആരു വീടു തരാൻ?’
അയാൾ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയാൻ തുടങ്ങി. 45 വയസ്സായ ഒരു മനുഷ്യൻ തലചായ്ക്കാൻ ഇടയില്ലെന്ന് ആകാംക്ഷയിൽ മുളപൊട്ടുന്നത് പോലെ വിങ്ങി കരയുക. ഓർക്കാൻ പോലും വയ്യാത്ത കാര്യം എങ്ങനെ കണ്ടു നിൽക്കും.
ഞാൻ ഉറപ്പിച്ചു പറഞ്ഞു. ‘ചന്ദ്രാ തനിക്കും ഭാര്യയ്ക്കും കുട്ടികൾക്കും കുറച്ചുനാളത്തേക്ക് കഴിയാൻ ഈ വീട്ടിൽ ഇടമുണ്ട്. ഇവിടെ നിന്ന് നിങ്ങളെ ആരും കുടിയിറക്കില്ല.’
അയാൾ നിയന്ത്രണമില്ലാതെ കുനിയുന്നത് കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ അയാളെ താങ്ങി നിർത്തി വീഴാതിരിക്കാൻ ബലംപ്രയോഗിച്ചു. ഛെ ഛെ വിഷമിക്കാതെ. നിങ്ങൾ ധൈര്യമായി പോയി കാര്യം തിരക്കു. പിറകിൽ ഞാനുണ്ട്.
ഊന്നു വടിയുടെ സഹായം കിട്ടിയ വൃദ്ധൻ ഊർജ്ജസ്വലനായി നടക്കാൻ തുടങ്ങി.
ഞാൻ മാസ്ക് എടുത്ത് മുഖത്ത് കെട്ടി പിറകെ ചെന്നു. നടന്നടുക്കുന്തോറും പ്രതീക്ഷയില്ലാത്ത ഒരു ആകാംക്ഷ എന്നെ പൊതിയുന്ന പോലെ..
ഒരിക്കൽ ചന്ദ്രനെയും കുടുംബത്തെയും തരംതാണ രീതിയിൽ സംസാരിക്കുന്നത് കേട്ട് ഞാൻ ജയശ്രീയോട്. ‘ജയശ്രീ വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ? കുടുംബത്തിൽപ്പെട്ട വരെ ഇങ്ങനെ ഭാഷയിൽ പറയാമോ?’
അതിനുള്ള ഉത്തരം അവർ എനിക്ക് പണിക്കാരി വഴി കൊടുത്തയച്ചു.
മാഷോട് സ്വന്തം കാര്യം നോക്കിയാൽ മതി എന്ന് പറയാൻ പറഞ്ഞു. ഏതു ഭാഷയിലെ ചീത്ത പറേണംന്ന് പറേണോര് തീരുമാനിച്ചോളുംന്ന്.
ചെല്ലാതിരിക്കുന്നതും ഉചിതമല്ല. ചന്ദ്രൻ അളമുട്ടിയ പാമ്പാണ്. അളമുട്ടിയ പാമ്പ് തടഞ്ഞതും മുഴുവനും കടിക്കും. രണ്ടു നാളെ ആയിട്ടുള്ളൂ കാഞ്ഞിര തലപ്പുകൾ വെട്ടി ഒതുക്കാൻ മടവാൾ കിട്ടുക്കരുവാന്റെ ആലയിൽനിന്ന് കാച്ചി രാകിച്ചു കൊണ്ടു വന്നിട്ട് .
മടിച്ചുമടിച്ച് കുന്നത്തെ ഗേറ്റ് കടന്നു ചെല്ലുമ്പോൾ കണ്ട കാഴ്ച. വിശാലമായ മുറ്റത്ത് ടാറ്റാ സുമോ. മാസ്ക് ധരിച്ച് ഡ്രൈവർ മുന്നോട്ട് നോക്കിയിരിക്കുന്നു. ഇടംവലം തിരിയാതെ. വരാന്ത കടന്ന് അകായിൽ വെട്ടിയിട്ട വാഴപിണ്ടി പോലെ തൊഴു കയ്യുമായി കമിഴ്ന്നു കിടക്കുന്നു ജയശ്രീയും മകളും സൈഡിൽ മാസ്ക് വെച്ച് ഭർത്താവും. അയാൾ പഴയതുപോലെ നിശബ്ദൻ നിസ്സംഗൻ. ചുമടുതാങ്ങി ചന്ദ്രനും ഭാര്യയും മക്കളും. പരമ നിശബ്ദത ഭേദിച്ചു കൊണ്ട് ജയശ്രീ. ‘ഏട്ടാ, അരുതാത്തത് ആണ് ചെയ്തത് മുഴുവനും. ചെയ്തതിനു കിട്ടി. ശപിക്കരുത് ചേട്ടാ ഇനിയും. ദേവ്യേച്ചി മാപ്പ് തരണം. ഇനിയൊരു തെറ്റും ഉണ്ടാവില്ല.’
ചന്ദ്രന്റെ ശബ്ദം ആകെ നീരിൽ കുഴഞ്ഞു. ‘ജയേ ഞങ്ങൾക്ക് കുറച്ചു ദിവസം കൂടി തരൂ. കോവിഡ് കാലമായതുകൊണ്ട് വീട് കിട്ടാനുള്ള താമസം മാത്രം.’ ജയശ്രീയുടെ നനഞ്ഞ ശബ്ദം ‘വേണ്ടേട്ടാ ഏട്ടനും ചേച്ചിയും എങ്ങും പോവണ്ട. ഇവിടെ താമസിച്ച് കൃഷിചെയ്തു കഴിയണം. അവസാനം വരെ. ആരും അവകാശം പറഞ്ഞു വരില്ല. പറയൂ ഏട്ടാ പറയൂ ദേവ്യേടത്തി ക്ഷമിച്ചു ന്ന്.’
‘മോളെ ജയശ്രീ എണീക്ക്. നിന്നെയും മക്കളെയും ഞങ്ങൾക്ക് വെറുക്കാനാകുമോ? ഏട്ടനും ചേച്ചിക്കും നിറഞ്ഞു കഴിഞ്ഞിരിക്കുന്നു’ അവർ ഒരുവിധം എണീറ്റു.
‘എന്തേ ഉണ്ണിയെ കൂട്ടാഞ്ഞത്. ജോലിത്തിരക്ക് ഉണ്ടാവും അല്ലേ?’ ചോദ്യം കേട്ടതും ‘ഉണ്ണി… ഉണ്ണി….’ എന്ന ആർത്തനാദം ഉയർന്നു.
നിമിഷങ്ങളുടെ ചൂട് നിശബ്ദതയ്ക്ക് ഒടുവിൽ വന്നവർ ടാറ്റാ സുമോയിൽ കയറിയിരുന്നു. ടാറ്റാ കയറ്റം കയറുന്നതും നോക്കി
അറിയാതെ വരുന്ന ശാപങ്ങൾ മാരകം ആകുമോ മാഷേ? എങ്കിൽ ഞാനും കുറ്റക്കാരൻ തന്നെയല്ലേ?
ചന്ദ്രന്റെ സംശയം എന്നെ വിടാതെ പിന്തുടർന്നു ആർക്കാണ് എല്ലാ കാര്യങ്ങളും അറിവുള്ളത്. എല്ലാ അറിവുകളുടെയും കേതാരമായി ഗ്രാമീണജനത സങ്കല്പിക്കുന്ന മാഷക്കോ ചിരി വന്നു.

