ഇന്ത്യന്‍ പ്രദേശങ്ങള്‍ ഭൂപടത്തില്‍, ബില്ലിന് നേപ്പാള്‍ ഉപരിസഭയുടെ അംഗീകാരം

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര തുടങ്ങിയ ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായി അംഗീകാരം നല്‍കി. 57 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒറ്റ വോട്ടും എതിരായി വന്നില്ല. ഇന്നലെ(18-06-20)യാണ് ബില്ല് സഭ അംഗീകരിച്ചത്.

ബില്‍ പാസാക്കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ഇന്ത്യയുടെ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. നേപ്പാളിന്റെ വാദം ചരിത്രത്തിന്റെ പിന്‍ബലമില്ലാത്തതും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ സംബന്ധിച്ചുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണെന്നും ശ്രീവാസ്തവ പറഞ്ഞു.

ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 258 എം.പിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയും ഒപ്പുവച്ചാല്‍ ബില്‍ നിയമമായി. ദേശീയചിഹ്നത്തിലുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളില്‍ പുതുക്കിയ ഭൂപടമാകും ഇനിമുതല്‍ ഉപയോഗിക്കുക.

ഉത്തരാഖണ്ഡിലെ ധാരാച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് മേയ് എട്ടിന് പ്രതിരോധമന്ത്രിരാജനാഥ് സിങ്‌ ഉദ്ഘാടനം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. റോഡ് തങ്ങളുടെ പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നതെന്ന് നേപ്പാള്‍ അവകാശപ്പെട്ടു. ഇത് ഇന്ത്യ തള്ളി യതോടെ പുതിയ ഭൂപടം നേപ്പാള്‍ പുറത്തിറക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →