ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ഏറ്റവും ശക്തമായി ബാധിക്കുന്നത് ടൂറിസം പോലുള്ള മേഖലകളെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളെയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.
വികസിതവും വളര്‍ന്നുവരുന്നതുമായ വിപണികളുടെ സാമ്പത്തികാവസ്ഥ മോശത്തിലാവുമെന്നും അവര്‍ ചൊവ്വാഴ്ച (16-06-20) പറഞ്ഞു. കോവിഡില്‍ നിന്ന് ആദ്യം മുക്തമായി വന്ന ചൈനയില്‍ പോലും ടൂറിസം അടക്കമുള്ള സേവന മേഖലകള്‍ കരുത്തോടെ തിരിച്ച് വരാന്‍ കാലങ്ങളെടുക്കും. നിര്‍മ്മാണ മേഖലയെയും മാന്ദ്യം ബാധിക്കും. സാമൂഹിക അകലവും സുരക്ഷയും പ്രധാനമായതിനാല്‍ ചെലവ് ചുരുക്കലിലേക്ക് കുടുംബങ്ങള്‍ പോവും. അത്തരം സാഹചര്യത്തില്‍ ടൂറിസം മേഖലകള്‍ തളര്‍ന്ന് കിടക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തെ മാഹാമാന്ദ്യമെന്നാണ് വിശേഷിപ്പിച്ച ഗീത ആഗോള സാമ്പത്തികവ്യവസ്ഥ കുത്തനെ ഇടിയുമെന്നും മുന്നറിയിപ്പ് തരുന്നു. കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ആഗോള സാമ്പത്തികവ്യവസ്ഥ എവിടെയെത്തുമെന്നാണ് പ്രവചിക്കാനാകാത്ത സ്ഥിതിവിശേഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ലാറ്റിന്‍ അമേരിക്കയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഏറെ പ്രതിസന്ധി നേരിടേണ്ടിവരും. യു.എസ് ഇക്കണോമി 5.9 ശതമാനവും യൂറോപ്പ് മേഖലയിലെ സാമ്പത്തികവ്യവസ്ഥ 7.5 ശതമാനവും ചുരുങ്ങുമെന്ന് അവര്‍ പറയുന്നു.