മോഷണ കുറ്റം ആരോപിച്ച് കുടുംബത്തിന് ക്രൂരമര്‍ദ്ദനം, 12കാരനെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് അയല്‍വാസികള്‍

ആഗ്ര : മോഷണ കുറ്റം ആരോപിച്ച് ആഗ്രയില്‍ 18മാസം പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരെ 36 മണിക്കൂര്‍ പൂട്ടിയിട്ടും മര്‍ദ്ദിച്ചും അയല്‍വാസികളുടെ ക്രൂരത. സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസികളായ ആളുകള്‍ കുടംബത്തോട് ക്രൂരത കാണിച്ചത്

ഇന്നലെ(16-06-20)യാണ് സംഭവം. കൂട്ടത്തിലുള്ള 12കാരനായ ആമിര്‍ ഖാന്‍ എന്ന കുട്ടിയെ വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും സിഗരറ്റ് കഷ്ണം ഉപയോഗിച്ച് പൊള്ളിക്കുകയും വയറിലും മുഖത്തും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. 36 മണിക്കൂര്‍ കുടുംബത്തിന് ഭക്ഷണവും വെള്ളവും പോലും നല്‍കിയില്ല. അവസാനം എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ചാണ് കുടുംബം രക്ഷപ്പെട്ടത്. ആഗ്ര സ്വദേശികളായ നിസാം (48), ഭാര്യ മുബീന (45), സോനു (20), രുക്‌സാന (മരുമകള്‍), ഹസ്സന്‍ (18 മാസം പ്രായമുള്ള ചെറുമകന്‍), അമീര്‍ ഖാന്‍ എന്നിവരാണ് അയല്‍വാസികളുടെ ക്രൂരതയ്ക്ക് ഇരയായത്.അബ്രാര്‍, മൊഹ്ഷിന്‍, സുബൈര്‍, നദീം, ശ്യാമ, മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. ഇതില്‍ നാലു പേര്‍ അറസ്റ്റിലായി.

മോഷ്ടിച്ച സ്വര്‍ണം ആവശ്യപ്പെട്ടാണ് അവര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് 12കാരന്‍ പറഞ്ഞു. തനിക്ക് അത്തരമൊരു ആഭരണത്തെ കുറിച്ച് യാതൊരു അറിവുമില്ല.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അയല്‍വാസിയായ അബ്രാര്‍ എന്നെ വീടിന്റെ മൂന്നാം നിലയിലേക്ക് കൊണ്ടുപോയി ഒരു മുറിയില്‍ നിര്‍ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. വയറിലും മുഖത്തും ഇടിച്ചു, വൈദ്യുത ആഘാതം ഏല്‍പ്പിക്കുകയും സിഗരറ്റ് കഷ്ണങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍ എവിടെയാണെന്ന് ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു- ആമിര്‍ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

രാത്രി 7.30 ഓടെ ആമിര്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ മകനെ അന്വേഷിച്ച് പിതാവായ നിസാം പോയി. ഇതിനിടെ, രാത്രി എട്ടുമണിയോടെ അബ്രറും മറ്റൊരാളും നിസാമിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തി. തുടര്‍ന്ന്, തന്നോടും ഭാര്യ മുബിനയോടും കൂടെ വരാന്‍ ആവശ്യപ്പെട്ടു. ആമിറിന്റെ അടുത്തെത്തിച്ച് തങ്ങളെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാരെ അന്വേഷിച്ച് മൂത്തമകന്‍ സോനു വന്നപ്പോള്‍ അവനെയും മുറിയിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →