ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപതി ഊരില്‍ ടി.വി. സ്ഥാപിച്ചു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  അട്ടപ്പാടി നക്കുപ്പതി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. സ്ഥാപിച്ചു. നക്കുപതി ഊരിലെ അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലാണ് ടി.വി. സ്ഥാപിച്ചത്. ജില്ലാപഞ്ചായത്തിന്റെ  നിയന്ത്രണത്തിലുള്ള സ്മാള്‍ ഹൈഡ്രോ  കമ്പനി അതിന്റെ ലാഭ വിഹിതത്തില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചാണ് അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി 50 ഊരുകളിലെ ഓരോ കേന്ദ്രത്തില്‍ പഠനത്തിന് ആവശ്യമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. 

ടി.വി. ,സെറ്റ് അപ് ബോക്സ്, ഇന്റര്‍നെറ്റ് കണക്ഷന്‍, മൂന്ന് മാസത്തേക്കുള്ള ടാറ്റാ സ്‌കൈ സബ്്ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ അട്ടപ്പാടി മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയതായി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിവിധ ആദിവാസി വിഭാഗങ്ങളിലെ 25 കുട്ടികളും ജനറല്‍ വിഭാഗത്തില്‍നിന്നുള്ള നാല്‍പതോളം കുട്ടികള്‍ക്കും ഇത് പ്രയോജനമാകും. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ എസ്.സി. എസ്. ടി. കോളനികളില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുള്ളതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5231/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →