ചെന്നൈ: ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന തനിക്ക് എ.ആര്‍ റഹ്മാന്റെ സംഗീതത്തിന്റെ മഹത്വം മനസ്സിലാകാന്‍ അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിക്കും വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് കമല്‍ഹാസന്‍. ഇന്നലെ, ഞായറാഴ്ച (14-06-20) റഹ്മാനൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ വന്നപ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യന് വേണ്ടി റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഒരു ഗാനം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും, അത് താന്‍ സംവിധായകന്‍ ശങ്കറിനോട് തുറന്ന് പറഞ്ഞുവെന്നും കമല്‍ ലൈവിനിടെ പറഞ്ഞു. ‘ഇന്ത്യനിലെ കപ്പലേറി പോയാച്ച് എന്ന പാട്ട് എനിക്ക് ഇഷ്ടമായില്ല. അതെക്കുറിച്ചുള്ള അതൃപ്തി അപ്പോള്‍ തന്നെ ഞാന്‍ ശങ്കറിനോട് പറഞ്ഞു. ശങ്കര്‍ വഴങ്ങിയില്ല. എന്നാല്‍ അവസാന ഔട്ട് പുട്ട് പുറത്തിറങ്ങിയപ്പോള്‍ എന്റെ അഭിപ്രായം മാറി’- കമല്‍ പറഞ്ഞു
കമല്‍ഹാസന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലൈവ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ലൈവില്‍ അഭിനയം, സംഗീതം, ജീവിതം, തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.
കമല്‍ ഹാസന്റെ ഇന്ത്യന്‍, തെനാലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടി റഹ്മാന്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷം എ.ആര്‍ റഹ്മാനൊപ്പം ഒരു ചിത്രം ചെയ്യുമെന്നും കമല്‍ പറഞ്ഞു.