ഒരു അംബാനിക്ക് കൊടുത്ത കടം തിരിച്ചുപിടിക്കാൻ ബാങ്ക് ശ്രമിക്കുമ്പോൾ മറ്റൊരു അംബാനിയുടെ കയ്യിൽ പണംഏൽപ്പിക്കാൻ വിദേശ കമ്പനി തിരക്കുകൂട്ടുന്നു.

ന്യൂഡല്‍ഹി : വിധിയുടെ വിപരീത സ്വഭാവമോ, കാലം എന്ന മാന്ത്രികന്റെ ജാലവിദ്യയോ, ഇതിനെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു അംബാനിക്ക് കൊടുത്ത കടം ഏതുവിധവും തിരിച്ചു പിടിക്കാൻ വേണ്ടി ട്രൈബ്യൂണലിനെ സമീപിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ. അതേസമയം സഹോദരനായ മറ്റേ അംബാനിയുടെ കയ്യിൽ നിക്ഷേപം എങ്ങനെയും ഏൽപ്പിക്കാൻ വേണ്ടി തിരക്ക് കൂട്ടുകയാണ് വിദേശ കമ്പനി. പിതാവായ ധീരുഭായി അംബാനി ഒറ്റയ്ക്ക് ഇന്ത്യയിൽ വളർത്തിയെടുത്ത ബിസിനസ് സാമ്രാജ്യം മക്കൾ വിഭജിച്ചപ്പോൾ കേസും തർക്കവും സുപ്രീംകോടതി വരെ എത്തിയതാണ്. പിന്നീട് രണ്ടും രണ്ടായി പിരിഞ്ഞ് രണ്ടു വഴികളിൽ സഞ്ചരിച്ചു. ഭരണകൂടവുമായി ചേർന്നുനിന്ന് കരുക്കൾ നീക്കിയ മുകേഷ് ജിയോയിലൂടെ ബിസിനസ്സിൽ ഉയരങ്ങൾ താണ്ടിയപ്പോൾ അനിൽ അംബാനി നേതൃത്വം കൊടുത്ത കോർപ്പറേറ്റുകളിൽ ഒന്ന് പാപ്പർ ഹർജി നൽകുന്നു എന്ന സൂചനയാണ് പുറത്തുവന്നത്. ഇതേ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊടുത്ത പണം എങ്ങനെയും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത്

അനില്‍ അംബാനിക്ക് നല്‍കിയ 1200 കോടിയുടെ വായ്പകള്‍ തിരിച്ച് പിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനികള്‍ക്ക് നല്‍കിയ 1200 കോടിയുടെ വായ്പകള്‍ തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചു.

വിഷയത്തില്‍ അംബാനിയ്ക്ക് മറുപടി നല്‍കാന്‍ ട്രൈബ്യൂണല്‍ ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. ഇന്നലെ(13-06-20)യാണ് എന്‍സിഎല്‍ടി ന്യൂഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് ട്രൈബ്യൂണല്‍ പരാതി സ്വീകരിച്ചത്.

അതേസമയം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ആര്‍കോം), റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡ് (ആര്‍ഐടിഎല്‍) എന്നിവ നേടിയ കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ട വായ്പയാണിത്. അല്ലാതെ, അനില്‍ അംബാനിയുടെ സ്വകാര്യ വായ്പയല്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

ആര്‍കോം, ആര്‍ഐടിഎല്‍ റെസല്യൂഷന്‍ പദ്ധതികല്‍ മുംബൈയിലെ എന്‍സിഎല്‍ടിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടികാട്ടി അനില്‍ അംബാനി മറുപടി ഫയല്‍ ചെയ്തിരുന്നെന്നും വക്തമാവ് പറഞ്ഞു.

2019 ന്റെ തുടക്കത്തില്‍, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരത്തത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ വായ്പാ തിരിച്ചുപിടിക്കല്‍ നടപടി.

റിലയന്‍സ് ജിയോയില്‍ 4546.8 കോടി നിക്ഷേപിക്കാന്‍ ടിപിജി

റിലയന്‍സ് ജിയോയിലേയ്ക്കുള്ള വിദേശനിക്ഷേപത്തലേക്ക് ഒഴുക്ക്. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. 4546.8 കോടിയാണ് ജിയോയിലേക്ക് ടിപിജി നിക്ഷേപിക്കാനൊരുങ്ങുന്നത്.

ഇന്നലെ(13-06-20) വരെ നിലവില്‍ ഏട്ടുസ്ഥാപനങ്ങള്‍ മൊത്തം 102432 കോടി(13 ബില്യണ്‍ ഡോളര്‍)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ടിപിജികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസില്‍നിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസില്‍ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്.

ഉബര്‍, എയര്‍ബിഎന്‍ബി, സര്‍വെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി. ജിയോയില്‍ ഇവര്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നേക്കും.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ആഗോള നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്രയും തുകയുടെ നിക്ഷേപം സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →