കൊല്‍ക്കത്ത: അഗ്‌ളി (വൃത്തികെട്ടത് )എന്ന വാക്കിന്റെ അര്‍ഥം പഠിപ്പിക്കാന്‍ കറുപ്പ് നിറമുള്ള ഒരാളുടെ ചിത്രം കൊടുത്ത പ്രൈമറി പാഠപുസ്തകത്തിനെതിരേ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു. കൊച്ചുകുട്ടികള്‍ക്കുള്ള പാഠപുസ്തകത്തിലാണ് വര്‍ണവെറി ജനിപ്പിക്കുന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയത്. കൊച്ചുകുട്ടികള്‍ക്കു പഠിക്കാനുള്ള പുസ്തകത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വന്നത് ഗുരുതരമായ തെറ്റാണെന്നും പുസ്തകം പിന്‍വലിക്കണമെന്നും അധികൃതര്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കള്‍ രംഗത്തെത്തി.
പശ്ചിമ ബംഗാളിലെ ബര്‍ദൗന്‍ ജില്ലയിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ മുനിസിപ്പല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിതരണംചെയ്ത പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്. ഇംഗ്ലീഷ് വര്‍ണമാല പഠിപ്പിക്കുന്ന പുസ്തകത്തില്‍ ‘യു’ എന്ന അക്ഷരത്തിന്റെ താഴെ ‘അഗ്ലി’ (വൃത്തികെട്ടത്) എന്ന വാക്കാണ് കൊടുത്തിരിക്കുന്നത്. ഈ വാക്ക് വിശദീകരിക്കാനായി ചേര്‍ത്തിരിക്കുന്നത് ഒരു കറുത്ത വര്‍ഗക്കാരന്റെ ചിത്രമാണ്.
കറുത്ത മനുഷ്യരെ വൃത്തിക്കെട്ടതെന്ന് വിളിപ്പിക്കാന്‍ പഠിപ്പിക്കുന്നത് അങ്ങേയറ്റത്തെ തെറ്റാണെന്ന് സ്‌കൂളിലെ രക്ഷാകര്‍ത്താക്കള്‍ പ്രതികരിച്ചു. ഈ പുസ്തകം പിന്‍വലിക്കണം. കുട്ടികളുടെ ഇളംമനസുകളില്‍ വംശീയവിദ്വേത്തിന്റെ വിത്തുകള്‍ നിറയ്ക്കുന്നത് തലമുറകളോടു ചെയ്യുന്ന ദ്രോഹമാണെന്നും കറുത്തവരോട് വിവേചനമുണ്ടാക്കുന്ന മനോഭാവം ഇത് സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകമെമ്പാടും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. അതിന്റെ അലയൊലികള്‍ ഇതേവരെ അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിലും കറുത്തവര്‍ഗക്കാരുടെ പ്രതിഷേധ പരിപാടികള്‍ ഇപ്പോഴും നടക്കുകയാണ്. ഇന്ത്യയിലും കറുത്ത നിറമുള്ളവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആ സംഭവം ഗതിവേഗം കൂട്ടിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കറുത്ത നിറമുള്ളവര്‍ വൃത്തികെട്ടവരാണെന്ന തരത്തിലുള്ള പൊതുബോധം പാഠപുസ്തകത്തിലൂടെ കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്. കുട്ടികളുടെ നീതിബോധത്തെ തകിടംമറിക്കുന്ന ഇത്തരം പാഠഭാഗങ്ങള്‍ തയ്യാറാക്കിയവരേയും അത് കുട്ടികളെ പഠിപ്പിക്കാന്‍ തിരഞ്ഞെടുത്തവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും രക്ഷാകര്‍ത്താക്കള്‍ പ്രതികരിച്ചു.
ജില്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ ഇന്‍സ്പെക്ടറായ സ്വപന്‍ കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിക്കാന്‍ തയ്യാറായില്ല. ഇത് ഔദ്യോഗിക പുസ്തകമല്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഇറക്കിയതാണെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു. സ്‌കൂള്‍ അധികൃതരില്‍നിന്ന് വിശദീകരണം തേടിയശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

