പുതുക്കാട്: മുങ്ങിമരണമെന്നു കരുതിയിരുന്ന സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റില്‍. ഒല്ലൂര്‍ അഞ്ചേരി കുരുതുകുളങ്ങര ജെയ്സനെ (56) മാര്‍ച്ച് 17ന് മണലിപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊരു കൊലപാതകമായിരുന്നുവെന്ന് മാസങ്ങള്‍ക്കുശേഷം തെളിഞ്ഞു. സംഭവത്തില്‍ ജെയ്‌സന്റെ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്തോക്കന്‍ വീട്ടില്‍ സൈമണ്‍ (53) ആണ് അറസ്റ്റിലായത്. ജെയ്സന്‍ മണലിയിലെത്താന്‍ ഇടയാക്കിയ കാരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് കൊലപാതക സാധ്യതയിലേക്ക് എത്തിയത്.
പുഴയില്‍നിന്നു കണ്ടെടുത്ത മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ടായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ജെയ്സന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുങ്ങിമരണം എന്നായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
ജെയ്‌സണില്‍നിന്ന് സൈമണ്‍ അഞ്ചുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇരുവരും മദ്യപിക്കുന്നവരാണ്. ജെയ്‌സനെ മദ്യപിക്കാനായി സൈമണ്‍ ക്ഷണിക്കുകയായിരുന്നു. സൈമണിന്റെ ഓട്ടോറിക്ഷയില്‍ കുട്ടനെല്ലൂരില്‍നിന്ന് മദ്യംവാങ്ങി ഇരുവരും മണലിപ്പുഴയുടെ വക്കില്‍ മദ്യപിക്കാനെത്തി. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം മൂത്തപ്പോള്‍ താന്‍ നല്‍കിയ അഞ്ചുലക്ഷം തിരിച്ചുനല്‍കണമെന്ന് ജെയ്‌സണ്‍ ആവശ്യപ്പെട്ടു. ഇതോടെ സൈമണ്‍ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിനുശേഷം നാടുവിട്ട സൈമണ്‍ പലയിടത്തായി ഓട്ടോറിക്ഷ ഓടിച്ച് കഴിഞ്ഞുവന്നു. എതാനും ദിവസംമുമ്പ് ഇയാള്‍ നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.