വസൂരിക്കാലത്ത് കേരളത്തില്‍ വസൂരിമാലയെ ആരാധിച്ചതുപോലെ വടക്കെ ഇന്ത്യയില്‍ വ്യാപകമായി കൊറോണ ദേവി പൂജ.

ന്യൂഡൽഹി: മരണം വാരി വിതറി നടന്നിരുന്ന കോപിച്ച ദേവതയായിരുന്നു ഒരുകാലത്ത് വസൂരിമാല. പിന്നീട് വാക്സിനേഷൻ വന്നതോടെ വസൂരിമാലയെ പൂജിച്ച് പ്രീതിപ്പെടുത്തേണ്ട ആവശ്യം കേരളത്തിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ വടക്കേ ഇന്ത്യയിലെ ശുദ്ധ ഹൃദയകളായ ഗ്രാമീണ സ്ത്രീകൾ പുതിയ ദേവതാകോപം കൊറോണാ ബാധയിൽ കാണുകയാണ്. കീഴ്പ്പെടുത്തും എന്ന് ഉറപ്പുള്ള ശത്രുവിനെ മുമ്പിൽ നമിച്ചു പൂജിക്കുന്ന ലളിതമായ മനസ്സാണ് അവരുടേത്. കൊറോണാ ദേവിക്കായി അവർ പൂജകൾ ആരംഭിച്ചു കഴിഞ്ഞു. കൊറോണ ദേവി പ്രസാദിച്ചു തങ്ങളെ ഉപദ്രവിക്കുകയില്ല എന്ന വിശ്വാസമാണ് അവർക്ക്. ആ വിശ്വാസം നൽകുന്ന ആശ്വാസം ആണ് പ്രധാനം.

ആസാമിലും ബിഹാറിലും ഉത്തര്‍പ്രദേശിലും ഝാര്‍ഖണ്ഡിലുംഉള്ള സ്ത്രീകളാണ് കൊറോണ ദേവിക്ക് പൂജ അര്‍പ്പിച്ച് കോറോണ രോഗത്തില്‍ നിന്ന് രക്ഷപ്പെടുന്നത്.

ആസാമില്‍ ബിശ്വനാഥ് ചരിയാലിയിലെ നദീതീരത്ത് നിരവധി സ്ത്രീകള്‍ സംഘം ചേര്‍ന്ന് പൂജ നടത്തുന്നുണ്ട്. കൊറോണ ദേവി പ്രസാദിച്ചാല്‍ കാറ്റിന്റെ രൂപത്തില്‍ വന്ന് രോഗത്തെ നാടുകടത്തും എന്നാണ് സ്ത്രീകള്‍ പറയുന്നത്. ആസാമില്‍ ബിശ്വനാഥ് ചരിയാലി കൂടാതെ ദാരംഗ്, ഗുവാഹട്ടി എന്നിവിടങ്ങളിലും ഈ പൂജ നടന്നു വരുന്നു.

ബീഹാറില്‍ നളന്ദ, ഗോപാല്‍ഗഞ്ച്, വൈശാലി, മുസാഫര്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ ഗ്രാമീണരാണ് കൊറോണ ദൈവത്തെ പൂജിക്കുന്നത്. ഫരീദാബാദിലെ വസന്ത്പൂര്‍ കോളനിയിലെ സ്ത്രീകള്‍ എന്നും രാവിലെ യമുനാതീരത്ത് പോയി പൂജ നടത്തുന്നുണ്ട്.

ഗ്രാമത്തിലെ വെള്ളക്കെട്ടുകള്‍ക്കടുത്താണ് പൂജയ്ക്കുള്ള സ്ഥലം ഒരുക്കുന്നത്. ആരാധിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ബന്ധം.

ഗോപാല്‍ഗഞ്ചില്‍ സ്ത്രീകള്‍ ആരാധനയ്ക്കായി ഒരു മാര്‍ഗവും കണ്ടെത്തിയിട്ടുണ്ട്. പൂജിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ഏഴ് കുഴികള്‍ കുഴിക്കും. അതില്‍ ഗ്രാമ്പൂ, ഏലം, എള്ള്, പൂക്കള്‍, ലഡു, ചന്ദനത്തിരി എന്നിവ നിറയ്ക്കും. ചില സ്ഥലങ്ങളില്‍ ഇതില്‍ വേവിച്ച ധാന്യങ്ങളും നിവേദിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥന. നമ്മെ പിന്തുടരുന്ന കൊറോണാ വൈറസിനെ തടയുവാന്‍ പൂക്കള്‍ക്കും ലഡുവും എള്ളിനും കഴിയുമെന്നാണ് വിശ്വാസം.

മറ്റൊരു കൗതുകകരമായ കാര്യം ഈ രോഗത്തില്‍ പൂജയ്ക്ക് 9 എന്ന സംഖ്യയുമായി ബന്ധമുണ്ട് എന്നുള്ളതാണ്. 9 എന്നെഴുതി അതിനുമുകളില്‍ പൂജയ്ക്കുള്ള സാമഗ്രികള്‍ വച്ച് കൊറോണ ദേവിയെ പൂജിക്കണം എന്നാണ് മറ്റൊരു നിയമം. ഇതിന്റെ കാരണം ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് കോവിഡ് 19-ന്റെ അവസാനത്തില്‍ ഒമ്പത് ഉണ്ട് എന്നുള്ളതാണ്.

കൊറോണ ദേവിയെ കുറിച്ചുള്ള മറ്റൊരു കഥ ഇത് ഒരു സ്വപ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സ്വപ്‌നത്തില്‍ കണ്ടത് ഇപ്രകാരമാണെന്ന് ഒരു സ്ത്രീ പറയുന്നു. “ഒരു കൃഷിസ്ഥലത്ത് പശുക്കളെ മേച്ചു കൊണ്ട് കുറച്ചു സ്ത്രീകള്‍ ഇരുന്നിരുന്നു. പെട്ടെന്ന് അതില്‍ ഒരു പശു ഒരു വയസ്സായ സ്ത്രീയായി മാറി. ഇത് കണ്ട് പേടിച്ച സ്ത്രീകള്‍ ഓടാന്‍ തുടങ്ങി. അപ്പോള്‍ ആ വൃദ്ധ അവരെ തിരിച്ചു വിളിച്ചു. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ കൊറോണ ദേവിയാണ്. എന്നെ പേടിക്കേണ്ട. എന്നെ പൂജിച്ചാല്‍ അവരുടെ കുടുംബത്തില്‍ കൊറോണ ബാധയുണ്ടാവുകയില്ല.’ “
അതിനുശേഷമാണ് കൊറോണ ദേവിയെ പൂജിക്കാന്‍ തുടങ്ങിയതെന്നും പറയുന്നു. കൊറോണ ദേവിയെ അമ്മയായാണ് കരുതുന്നത്. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പൂജ നടത്തുന്നതാണ് ഉത്തമമെന്നും അവര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →