പാലക്കാട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 6,98,355 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) എസ്.എം നൂറുദ്ദീന്‍ അറിയിച്ചു. കൃഷി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന 2,27,435 തൈകള്‍, പട്ടാമ്പി റീജിനല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്റെ നേതൃത്വത്തിലുള്ള 28000 തൈകള്‍, വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ 3,85,000, തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ 50000, പഞ്ചായത്ത് തലത്തിലുള്ള കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ 7920 എന്നിങ്ങനെ 6,98,355 തൈകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുകയെന്ന് സുഭിക്ഷ കേരളം പദ്ധതി ജില്ലാതല സാങ്കേതിക സമിതി യോഗത്തില്‍ അറിയിച്ചു. എ.ഡി.എം. ഇന്‍ ചാര്‍ജ്ജും ആര്‍.ഡി.ഒ.യുമായ പി.എ വിഭൂഷണ്‍ യോഗത്തില്‍ അധ്യക്ഷനായി.
പദ്ധതിയുടെ രണ്ടാം ഘട്ടമായ ജൂലൈയില്‍ കുടുംബശ്രീയുടെ കൂടെ സഹകരണത്തോടെ 767710 തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും. ഇതു കൂടാതെ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ നേതൃത്വത്തില്‍ 95000 വ്യക്ഷതൈകള്‍ സൗജന്യമായും നല്‍കും. ഉല്‍പാദിപ്പിക്കുന്ന തൈകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരം, പൊതുസ്ഥലങ്ങള്‍, വിദ്യാലയ പരിസരം എന്നിവിടങ്ങളില്‍ നടും.
ഫിഷറീസ്, മൃഗസംരക്ഷണവുപ്പ്, ക്ഷീരവികസനം, കുടുംബശ്രീ, ഡി.ആര്‍.ഡി.എ, നബാര്‍ഡ്, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതി വിപുലപെടുത്തുക. ഇതിനായി വരും ദിവസങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ഫാം പ്ലാന്‍ തയ്യാറാക്കി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ ഷീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
ബന്ധപ്പെട്ട രേഖ:https://keralanews.gov.in/4791/Newstitleeng.html