കോഴിക്കോട്: രാജ്യസഭാംഗവുമായ മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാർ (84) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിൽ കൊണ്ടു പോകും. വൈകിട്ട് സംസ്കാരം നടക്കും.
ഭാര്യ: ഉഷ
മക്കൾ: ആശ, നിഷ, ജയലക്ഷ്മി. എം വി ശ്രേയാംസ് കുമാർ.
പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗമായിരുന്ന എം കെ പത്മപ്രഭാ ഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22-ന് വയനാട്ടിലെ കൽപ്പറ്റയിൽ ജനിച്ചു. മദ്രാസിലെ വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം ബി എ ബിരുദവും നേടി.
എഴുത്തുകാരൻ, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ രാഷ്ട്രീയ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ , കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ , പിടിഐ ഡയറക്ടർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ , പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായും പിന്നീട് തൊഴിൽ വകുപ്പിൻറെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ആയും വർത്തിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെൻറ് അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്, ഓടക്കുഴൽ അവാർഡ്, കെ വി ഡാനിയൽ അവാർഡ്, അബുദാബി ശക്തി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ബാലാമണിയമ്മ പുരസ്കാരം, ഏറ്റവും മികച്ച യാത്രാ വിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഗാന്ധി സ്മൃതി പുരസ്കാരം എന്നിങ്ങനെ എൺപതിലേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.