കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ മുഖേന പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. കുടുംബശ്രീ പ്രവര്‍ത്തകരാണ് മാസ്‌ക് വീടുകളില്‍ എത്തിക്കുക. പരീക്ഷാകേന്ദ്രങ്ങളിലും മാസ്‌കും സാനിറ്റൈസറും സൂക്ഷിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ തന്നെ മുന്‍കൈയ്യെടുത്ത് ഗതാഗത സൗകര്യം ഒരുക്കും. പനി പരിശോധനയ്ക്കുള്ള തെര്‍മോമീറ്റര്‍ കരുതാനും നിര്‍ദ്ദേശം നല്‍കി. പരീക്ഷാകേന്ദ്രങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള സുരക്ഷാവീഴ്ച ഉണ്ടായാല്‍ അവ നിയന്ത്രിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ശോഭന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കുണ്ടൂര്‍ ബിജു, കെ ജമീല, അപ്പുക്കുട്ടന്‍ മാസ്റ്റര്‍, പ്രകാശന്‍ മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങള്‍, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.