ന്യൂഡല്‍ഹി: ലോക് ഡൗണിനെത്തുടർന്ന് രാജ്യത്തെ 173 ജവാഹർ നവോദയ വിദ്യാലയങ്ങളിലായി കഴിഞ്ഞിരുന്ന മൂവായിരത്തിലേറെ വിദ്യാർഥികളെ, സുരക്ഷിതമായി സ്വദേശത്തു എത്തിച്ചതായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രി ശ്രീ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. നടപടികൾ നവോദയ വിദ്യാലയ സമിതി ഈ മാസം 15 ഓടെ വിജയകരമായി പൂർത്തീകരിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 661 അംഗീകൃത JNV കളിലായി 2.60 ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ്, ഗുണമേന്മയുള്ള, സൗജന്യ വിദ്യാഭ്യാസം നൽകിവരുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വേനൽക്കാലാവധികൾ നേരത്തെ നല്കാൻ നവോദയ വിദ്യാലയ സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 21 നു വിദ്യാലയങ്ങൾ അടയ്ക്കുകയും ചെയ്തു.
ലോക്ഡൗൺ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് ഭൂരിഭാഗം കുട്ടികൾ വീടുകളിൽ എത്തിയിരുന്നെങ്കിലും, ചിലർക്ക് അത് സാധിക്കാതെ വരികയായിരുന്നു. “മൈഗ്രെഷൻ പദ്ധതി” ക്ക് കീഴിൽ 173 JNV കളിലായി കഴിഞ്ഞിരുന്ന 3169 വിദ്യാർഥികളും, JEE മെയിൻസ് പരിശീലനത്തിനായി പുണെയിലെ സെന്റർ ഫോർ എക്സെലൻസിൽ എത്തിയ 12 വിദ്യാർത്ഥികളുമാണ് ലോക്ഡൗണിനെത്തുടർന്ന് കുടുങ്ങിപ്പോയത്.രാജ്യത്തെ വിവിധ JNV കളിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഈ മാസം 9 വരെ തുടർന്നിരുന്നു. വിദ്യാർത്ഥികളുടെ അവസാനസംഘം ഈ മാസം 15 ന് മധ്യപ്രദേശിലെ ജബുവ (Jhabua) യിൽ എത്തിയതോടെയാണ് നടപടികൾക്ക് അവസാനമായത്.
ഹരിയാനയിലെ കർണാലിലെ JNV യിൽ നിന്ന്, തിരുവനന്തപുരത്തെ JNV ലേക്ക് നടന്ന യാത്രയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ദൈർഘ്യമേറിയത്. ഏഴു സംസ്ഥാനങ്ങളിലൂടെ, 3060 കി.മി. ദൂരം യാത്ര ചെയ്താണ്, വിദ്യാർഥികൾ അവരുടെ നാട്ടിലെത്തിയത്.
വിദ്യാർത്ഥികളുടെ യാത്രാപുരോഗതി നവോദയ വിദ്യാലയ സമിതിയും MHRDയും ദിവസേനെ വിലയിരുത്തിയിരുന്നു.
ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1625818