ബെയ്ജിംഗ്: രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കൊറോണ കേസുകള്‍ ചൈനയില്‍ പടരുന്നു. രോഗലക്ഷണങ്ങളില്ലാത്ത 368 പേരാണ് നിരീക്ഷണത്തിലുള്ളത്. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കേസുകള്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗംപകരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പകര്‍ന്ന നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിലിന്‍ പ്രവിശ്യയില്‍ ഇതുവരെ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജിലിന്‍ നഗരം അടച്ചിട്ടിരിക്കുകയാണ്. 106 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 25 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച വരെ ചൈനയില്‍ ആകെ രോഗബാധിതരുടെ എണ്ണം 82,965 ആണ്. ഇതില്‍ 87 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

