ആൾവാർ: രാജസ്ഥാനിലെ ആൽവാറിനടുത്ത് നീംറാണ എന്ന സ്ഥലത്തുനിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭീവാഡി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളായ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.
മരിച്ച പതിനാറുകാരിയുടെ മൂത്ത സഹോദരിയും ഭർത്താവും രാജസ്ഥാൻ സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് നൽകിയ പരാതിയെത്തുടർന്നാണ് കേസ് അധികാരികളുടെ ശ്രദ്ധയിൽ വന്നത്. പെൺകുട്ടിയെ പിതാവ് നാളുകളായി ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടുകൂടി കൊന്നുകളയാൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയുടെ തന്നെ മാതാവിൻറെ അറിവോടെ ആയിരുന്നു കൊലപാതക പദ്ധതി.
മെയ് പത്താം തീയതിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സാധാരണ മരണമായി മാതാപിതാക്കൾ ചിത്രീകരിച്ചു. എല്ലാവരും അങ്ങനെയാണ് കരുതിയത്. മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. എന്നാൽ മരിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരിയും ഭർത്താവും സംശയാലുക്കൾ ആയിരുന്നു. പെൺകുട്ടി നേരിടുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുറ്റം കണ്ടെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നതടക്കമുള്ള തെളിവുകൾ കണ്ടെത്തേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ഭീവാഡി ജില്ലാ പോലീസ് സൂപ്രണ്ട് അമൻ ദീപ കപൂർ പറയുന്നു. ശവദാഹം നടന്ന സ്ഥലത്തു നിന്നുള്ള അവശിഷ്ടങ്ങൾ ഇക്കാര്യത്തിനായി പോലീസ് ശേഖരിച്ചു കഴിഞ്ഞു. പ്രതികൾ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു.