ന്യൂഡല്‍ഹി: റോഡ് മാര്‍ഗവും റെയില്‍ പാളത്തിലൂടെയും നടന്നും ട്രക്കുകളില്‍ യാത്ര ചെയ്തും കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്ന സ്ഥിതി ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലാണ് അടിയന്തര പ്രാധാന്യമുള്ള ഈ കത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. തൊഴിലാളികളുടെ ദുരിതങ്ങളും വഴിയില്‍ അനുഭവിക്കുന്ന അപകടങ്ങളും ലോക് ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനവും കൊറോണ വ്യാപനത്തിന്റെ സാധ്യതകളും എല്ലാം പരിഗണിച്ചാണ് കേന്ദ്ര നിര്‍ദ്ദേശം.
തൊഴിലാളികള്‍ക്ക് മടങ്ങിവരുന്നതിനായി 100 ശ്രമിക് ടെയിനുകള്‍ എല്ലാദിവസവും സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ബസ് മാര്‍ഗ്ഗവും തൊഴിലാളികളെ മടക്കി കൊണ്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം നിലയില്‍ സഞ്ചരിക്കുന്ന തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി തൊട്ടടുത്തുതന്നെ ഷെൽട്ടര്‍ നല്‍കി അവരെ പാര്‍പ്പിക്കണം എന്നും നിര്‍ദേശമുണ്ട്.