കാലഫോര്‍ണിയ: ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസില്‍ അശ്ലീല വീഡിയോകളുടെ പൂരം. ബൈബിള്‍ ക്ലാസ്് നടക്കുന്നതിനിടെ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണമുണ്ടായതിനാല്‍ കാലഫോര്‍ണിയയില്‍ പള്ളി ഓണ്‍ലൈന്‍ വീഡിയോ ചാറ്റിങ് സൂം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു. കുട്ടികളും യുവതികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് നടക്കുന്നതിനിടെയാണ് നടുക്കുന്ന ദൃശ്യങ്ങളുമായി നീലച്ചിത്രങ്ങള്‍ എത്തിയത്. ക്ളാസില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രമീകരണം നടത്തിയായിരുന്നു ഹാക്കറുടെ വിളയാട്ടം.
മെയ് ആറിനുനടന്ന സംഭവത്തില്‍ കാലഫോര്‍ണിയയിലെ സെന്റ് പോള്‍സ് ലൂഥറണ്‍ ചര്‍ച്ച് പോലീസില്‍ പരാതിനല്‍കി. പ്രായപൂര്‍ത്തിയായവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന്റെയും കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോ ആയിരുന്നു ഹാക്കര്‍ വീഡിയോ ചാറ്റിലേക്ക് കടത്തിവിട്ടതെന്ന് പരാതിയില്‍ പറയുന്നു.
മുമ്പും ഇത്തരം പ്രവൃത്തി ചെയ്തിട്ടുള്ള ആളാണ് എന്ന നിലയില്‍ കുറ്റവാളിയെ അറിയാമായിരുന്നിട്ടും സൂം അയാള്‍ക്ക് പ്രവേശനം നല്‍കിയെന്നാണ് സഭ നല്കിയ പരാതിയില്‍ പറയുന്നത്. ക്ലാസിനിടെ അശ്ളീലദൃശ്യങ്ങള്‍ കയറിവന്നതോടെ വിദ്യാര്‍ഥികള്‍ ക്ലാസ് താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും ക്ലാസ് വീണ്ടും ആരംഭിച്ചപ്പോള്‍ ഹാക്കര്‍ വീണ്ടും ആക്രമണവുമായി എത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ആള്ക്കാര് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ തുടങ്ങിയതോടെ സൂമിന്റെ സ്വീകാര്യത അപ്രതീക്ഷിതമായി കൂടിയിട്ടുണ്ട്. അതേസമയം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പിനെകുറിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും ഏറെയാണ്.

