ന്യൂഡൽഹി: തബ് ലീഗ് റിപ്പോർട്ടിന്റെ പേരിൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻറെ പ്രത്യേക ലേഖകൻ മഹേന്ദ്രസിംഗ് മൻറാളിനെ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് വിളിച്ചുവരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഡൽഹി പോലീസ് കമ്മീഷണറുടെ വിശദീകരണം തേടി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണെന്ന് പ്രസ് കൗൺസിൽ കുറ്റപ്പെടുത്തി.
മർക്കസ് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തെ തുടർന്ന് ലോക്കൽ പൊലീസ് എടുത്ത കേസ് സംബന്ധിച്ച റിപ്പോർട്ട് ആണ് ലേഖകനെയും പത്രത്തെയും ഭീഷണിപ്പെടുത്തി കൊണ്ട് നോട്ടീസ് നൽകുന്നതിൽ കലാശിച്ചത്.
മർക്കസ് നിസാമുദ്ദീൻ തലവൻ മൗലാന സാദ് കന്ധാൽവി അനുയായികളോട് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ നിർദ്ദേശത്തിന്റെ ശബ്ദരേഖ തെളിവായി സ്വീകരിച്ച് പോലീസ് എഫ്ഐആർ ഉണ്ടാക്കിയിരുന്നു. ഡൽഹി പോലീസിലെ ക്രൈം ബ്രാഞ്ച് ശബ്ദരേഖ ചെയ്തു ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഈ വിവരം വെളിപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ എക്സ്പ്രസ് വാർത്ത പ്രസിദ്ധീകരിച്ചത്. പോലീസിന്റെ തന്നെ മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തലിനെ ഉദ്ധരിച്ച് നടത്തിയ റിപ്പോർട്ടിംഗ് പോലീസ് സംവിധാനത്തെ പ്രകോപിപ്പിച്ചു. വാർത്തയ്ക്ക് ആധാരമായ തെളിവുകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടും ഇല്ലായെങ്കിൽ ക്രിമിനൽ നടപടികൾക്ക് വിധേയമാകുമെന്ന് കാണിച്ചുമായിരുന്നു നോട്ടീസ്. ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായ മഹേന്ദ്രസിംഗ് വാർത്തയ്ക്ക് അവലംബിച്ച പോലീസ് രേഖകൾ ഹാജരാക്കി. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് വിഭാഗത്തിൻറെ ഒരു റിപ്പോർട്ടിൽ തെറ്റായ വാർത്തകളും വിവരങ്ങളും അന്വേഷണ ഏജൻസികൾ എങ്ങനെ തിരിച്ചറിയണമെന്ന് പറഞ്ഞിരുന്നു. വ്യാജ വാർത്ത തെളിവായി സ്വീകരിച്ചതിന്റെ ഉദാഹരണമായി മൗലാനാ സാദിന്റേതായി പ്രചരിച്ച എഡിറ്റ് ചെയ്ത വ്യാജ ശബ്ദ സന്ദേശത്തെ അവലംബിച്ച് എഫ് ഐ ആർ എഴുതി കേസെടുത്ത കാര്യം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിനെ കൂടി അവലംബിച്ചാണ് ഇന്ത്യൻ എക്സ്പ്രസ് വാർത്ത കൊടുത്തത്. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം മാധ്യമപ്രവർത്തകനോ പത്രമാധ്യമങ്ങൾക്കോ ഇല്ല. എന്നാൽ പോലീസ് വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ആവശ്യപ്പെട്ടു നോട്ടീസ് നൽകിയതും ഇല്ലെങ്കിൽ ക്രിമിനൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും അഭിപ്രായപ്പെട്ടിരുന്നു.

