തിരുവനന്തപുരം: കോവിഡ് 19നെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാന പ്ലാനിങ് ബോർഡിന്റേയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആന്റ് ടാക്‌സേഷന്റേയും റിപ്പോർട്ടുകൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗിഫ്റ്റിന്റെ റിപ്പോർട്ടിലെ അനുമാനപ്രകാരം ആഭ്യന്തര വരുമാനത്തിൽ ശരാശരി 1,25,657 കോടി രൂപയുടെ നഷ്ടം വരുമെന്നും ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636ൽ നിന്നും നമ്മുടെ റവന്യൂ വരുമാനം 81,180 കോടി രൂപയായി കുറയുമെന്നും കണക്കാക്കിയിട്ടുണ്ട്. റവന്യൂ വരുമാന നഷ്ടം 35,455 കോടി രൂപയാണ്. സാമൂഹ്യക്ഷേമ ചെലവുകൾ അടക്കമുള്ള ചെലവുകൾ അതേപടി തുടരുകയും ചെയ്താൽ റവന്യൂ കമ്മിയും ധനകമ്മിയും വർധിക്കും.
സർക്കാരിന്റെ ചെലവുകളിൽ സാധ്യമായ ക്രമീകരണങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു ദ്രുത പഠനം നടത്തി ജൂൺ ആദ്യവാരം റിപ്പോർട്ട് സമർപ്പിക്കാൻ സാമ്പത്തിക വിദഗ്ദ്ധനും സിഡിഎസ് ഡയറക്ടറുമായ ഡോ. സുനിൽ മാണി അധ്യക്ഷനും ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ സാഹചര്യത്തിൽ പൊതുവായി വരുമാനനഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധന ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്.
കേന്ദ്ര സർക്കാർ അവരുടെ വായ്പാ പരിധി 5.5 ശതമാനമായി ഈയിടെ ഉയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തിൽ മൂന്നു ശതമാനമായി തുടരുന്നത് ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിഗദ്ധ സമിതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സർവേ നടത്തുകയാണ്. സർവെയ്ക്കുള്ള ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകൾ, സ്ഥാപനങ്ങൾ, ഉൽപാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ചോദ്യാവലി. കോവിഡ്-19ഉം ലോക്ക്ഡൗണുംമൂലം വിവിധ മേഖലകളിൽ എന്തെല്ലാം ആഘാതങ്ങൾ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സാമ്പത്തികാഘാതം മറികടക്കാൻ ആവശ്യമായ സമയത്തെക്കുറിച്ചും മാർഗങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഈ സർവേയിൽ ഉൾപ്പെടുന്നില്ല. സർവേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതുകാര്യങ്ങൾക്കാണ് ഉപയോഗിക്കുക.
മുൻ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാർ സിങ് (കൺവീനർ), സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ രാമകുമാർ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ. ഒരു മാസത്തിനുള്ളിൽ ഇടക്കാല പഠന റിപ്പോർട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധിക തുക അനുവദിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. യഥാർത്ഥത്തിൽ ഇത് പുതിയൊരു സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രത്തിന്റെ വിഹിതമായി അനുവദിക്കുന്ന തുകയാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കിലും ലഭിക്കേണ്ട തുകയാണത്. കേരളത്തിന് 314 കോടി രൂപയാണ് 15-ാം ധനകാര്യ കമ്മീഷൻ കേന്ദ്ര വിഹിതമായി നിശ്ചയിച്ചത്. ഇപ്പോൾ കിട്ടിയത് അതിന്റെ പകുതിയായ 157 കോടി രൂപയാണ്.
കോവിഡ് 19ന്റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം ഗ്രാന്റുകൾ അനുവദിക്കണമെന്നും ഇത് 15-ാം ധനകാര്യ കമ്മീഷന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്താനുള്ള അധിക പരിഗണനാ വിഷയമായി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ് 19 പ്രതിരോധിക്കാനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ല.
ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവുകൾ നിർവഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കളക്ടർമാർക്ക് റിലീഫ് പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി നൽകി. ഇങ്ങനെ ആകെ 32 കോടി രൂപ നൽകി.
മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തിന്റെ 25 ശതമാനം മാത്രമേ റിലീഫ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാവൂ. 10 ശതമാനം ഉപകരണങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം. കേരളം ക്ഷേമപെൻഷനുകൾ ഉൾപ്പെടെ വിതരണം ചെയ്യാൻ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.