പോലീസ് കാന്റീനില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ആദിവാസി യുവതിക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍: പൊലീസ് കാന്റീനില്‍ ആദിവാസിയുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. മെയ് ഏഴിനാണ് ആദിവാസിയുവതിക്കു നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ബെര്‍ഹാംപൂര്‍ എംകെസിജി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന യുവതി ഒടുവില്‍ മരിച്ചു. ഒഡീഷയിലെ മല്‍കന്‍ഗിരി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ പൊലീസ് കാന്റീനില്‍ ജീവനക്കാരിയായിരുന്നു യുവതി.

മെയ് ഏഴിന് യുവതിക്ക് അസുഖമാണെന്ന് അറിയിച്ച് ക്യാന്റീനിന്റെ ചുമതലയുള്ള പൊലീസുകാരന്‍ യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. ആസമയം യുവതി ഗുരുതരമായ നിലയില്‍ അബോധാവസ്ഥയിലായിരുന്നു. ദേഹമാസകലം പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി ഭര്‍ത്താവിന് സംശയം തോന്നി. ആദ്യം ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് കോരാപുട്ട് എസ്എല്‍എന്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് എംകെസിജി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് മെയ് ഒമ്പതിന് പൊലീസില്‍ പരാതി നല്‍കി. കേസന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചെങ്കിലും പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആദിവാസി യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →