തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക് എത്തുന്നു. തമിഴ്‌നാട് കേരള അതിര്‍ത്തി കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലാണ് നാഗര്‍കോവിലില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ 2പേര്‍ എത്തിയിരിക്കുന്നത്. കോവിഡ് പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ 14 ദിവസം ക്വാറന്റയ്‌നില്‍ ആയിരിക്കും. അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ നോര്‍ക്കയില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്നലെ(3-05) വൈകുന്നേരം മുതല്‍ ഡിജിറ്റില്‍ പാസുകള്‍ അനുവദിച്ചു.
ആറുപ്രവേശനകവാടത്തിലൂടെയാണ് മലയാളികളെ തിരിച്ച് കേരളത്തിലെത്തിക്കുക. തിരുവനന്തപുരം- കളിയിക്കാവിളയിലെ ഇഞ്ചിവിള, കൊല്ലം- ആര്യങ്കാവ്, ഇടുക്കി- കുമിളി, പാലക്കാട്-വാളയാര്‍, വയനാട്-മുത്തങ്ങ, കാസര്‍കോഡ്-മഞ്ചേശ്വരം തുടങ്ങിയ പ്രധാന അതിര്‍ത്തികളിലൂടെയായിരിക്കും ഇവരെ പ്രവേശിപ്പിക്കുക.

