തിരുച്ചിറപ്പള്ളി : പത്തുവയസ്സുകാരി മകളുടെ മുൻപിൽ ഇട്ട് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. പക തീരാതെ തല അറുത്തെടുത്തു. വടിവാളിന്റെ മുനയിൽ കോർത്ത് മൂന്നംഗ സംഘം പോലീസ് സ്റ്റേഷനിൽ എത്തി. തമിഴ് സിനിമകളിലെ ചോര കഥയുടെ ക്ലൈമാക്സ് പോലെ ഉള്ള സംഭവം അരങ്ങേറിയത് തിരുച്ചിറപ്പള്ളിയിൽ ആണ് .
ലോക് ഡൗണിൽ താരതമ്യേന വിജനമായ റോഡിൽ വച്ചായിരുന്നു അരുംകൊല. തിരുച്ചിറപ്പള്ളി ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ കൈ വെട്ടി ചന്ദ്രന് എന്ന ചന്ദ്രമോഹൻ ആണ് കൊല്ലപ്പെട്ടത്. ശ്രീരംഗം റെയിൽവേ ബ്ലോക്കിൽ താമസിക്കുന്ന ശരവണൻ, സഹോദരനായ സുരേഷ്, ഇവരുടെ ബന്ധു സെൽവം എന്നിവരാണ് പ്രതികള്‍. വാടക കൊലയാളി സംഘങ്ങൾ അരങ്ങുവാഴുന്ന നഗരത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉടലെടുത്ത പകയാണ് സംഭവത്തിനു പിന്നിൽ.
മകളുമായി വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ ചന്ദ്രമോഹൻറെ വീടിനു മുൻപിൽ റോഡിൽ വച്ചായിരുന്നു ഇന്നു ആക്രമണം. അവിടെ കാത്തുനിന്ന മൂന്നംഗസംഘം അംഗം വടിവാളുമായി പാഞ്ഞു വരുന്നത് മനസ്സിലാക്കി ചന്ദ്രമോഹൻ ഇറങ്ങി ഓടാൻ ശ്രമിച്ചു. അതിനു മുമ്പേ അക്രമികൾ അയാളെ വളഞ്ഞിട്ട് വെട്ടാൻ ആരംഭിച്ചു. മകളുടെ കൺമുമ്പിൽ മോഹനെ വെട്ടിവീഴ്ത്തി. പെൺകുട്ടിയുടെ വിലാപത്തിനിടയിൽ അവളുടെ പിതാവിൻറെ ശിരസ്സ് അറുത്തെടുത്തു. ബഹളംകേട്ട് ഡ്രെയിനേജ് സ്ട്രീറ്റ് റെയിൽവേ ബ്ലോക്കിലെ താമസക്കാർ ഇറങ്ങി വന്നെങ്കിലും അക്രമികൾ വടിവാൾ വീശി ഭീഷണിപ്പെടുത്തി അവരെ അകറ്റി നിർത്തി. ചന്ദ്രമോഹന്റെ തലയറുത്ത് ഗുണ്ടാ സംഘം വടിവാൾ മുനയിൽ കോർത്ത് നേരെ പോലീസ് സ്റ്റേഷനിലേക്ക് ആണ് പോയത്. ലോക് ഡൗണിൽ വിജനമായി കിടന്ന തെരുവിലൂടെ രണ്ടു കിലോമീറ്ററോളം നടന്നാണ് സ്റ്റേഷനിലെത്തി പോലീസിന് കീഴടങ്ങിയത്. വടിവാളില്‍ കുത്തിനിർത്തിയ തലയുമായി ചോരയിൽ കുളിച്ച് സ്റ്റേഷനിലേക്ക് കയറി വരുന്ന മൂന്നംഗ സംഘത്തെ കണ്ടു പോലീസ് അമ്പരന്നു. കാര്യങ്ങൾ മനസ്സിലാക്കിയ പോലീസ് ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റില്‍ എത്തി. ചന്ദ്രമോഹനൻ സംഘത്തിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന ഭയത്തെ തുടർന്നാണ് പ്രതികൾ പൊലീസിന് കീഴടങ്ങിയത്.
ചന്ദ്രമോഹന്റെ മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.