കുവൈത്ത് സിറ്റി: കോവിഡ് കാരണം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. പൊതുമാപ്പിന് അര്‍ഹരായ അനധികൃത തൊഴിലാളികളെ സൗജന്യമായി എത്തിക്കാമെന്ന് നേരത്തെ കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപുറമേയാണ് നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യാക്കാരെയും സൗജന്യമായി എത്തിക്കാമെന്ന് കുവൈത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം നജിം ഇന്ത്യക്ക് കത്തു നല്‍കിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുവൈത്തികളെ തിരിച്ചെത്തിച്ചശേഷം ഇന്ത്യയുടെ സമ്മതം ലഭിക്കുന്നപക്ഷം മെയ് 15നുശേഷം ദൗത്യം ആരംഭിക്കാനാണ് കുവൈത്തിന്റെ ആലോചന. ഇന്ത്യയിലെ ലോക്ഡൗണ്‍ അപ്പോഴേക്കും അവസാനിക്കുമെന്ന് കുവൈത്ത് കണക്കുകൂട്ടുന്നു.
നിലവില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് യൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും കുവൈത്ത് നല്‍കിവരുന്നുണ്ട്. 12,000 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനുപുറമേയാണ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുവൈത്തിന്റെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനം.
കുവൈത്തിലെ കൊവിഡ് ബാധിതരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. ഇതേവരെ 4377 പേര്‍ക്കാണ് കുവൈത്തില്‍ രോഗബാധയുണ്ടായത്. ഇതില്‍ 30 പേര്‍ മരിച്ചു.