തിരുവനന്തപുരം: സംസ്ഥാനത്ത് 80 ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. ഒരു മാസത്തിനുശേഷം ഒരു കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വയനാടിനെ ഓറഞ്ച് സോണിലേക്കു മാറ്റി. ഇതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണുകളുടെ എണ്ണം മൂന്നായി. ഗ്രീന്‍, ഓറഞ്ച് സോണില്‍ ലോക്ക്ഡൗണില്‍ കേന്ദ്ര മാനദണ്ഡപ്രകാരം ഇളവുണ്ടാകും. ഗ്രീന്‍ സോണിലും സുരക്ഷാ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിക്കില്ല. തിയേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ക്ക് വിലക്കുണ്ട്. മാള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍പോയി സുരക്ഷാ മാനദണ്ഡങ്ങളോടെ ജോലി ചെയ്യാം.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി കാറുകളില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍മാത്രമേ പാടുള്ളൂ. മദ്യഷോപ്പുകള്‍ പ്രവര്‍ത്തിക്കില്ല. വിവാഹം, മരണം തുടങ്ങിയവയില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഗ്രീന്‍ സോണില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴര വരെ കടകള്‍ക്കു പ്രവര്‍ത്തിക്കാം.
ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും. ഓറഞ്ച് സോണില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള അന്തര്‍ജില്ലാ യാത്ര അനുവദിക്കും. ഇതിന് പ്രത്യേക അനുമതി വേണം. ഇത്തരം യാത്രകളില്‍ ഡ്രൈവര്‍ കൂടാതെ രണ്ട് യാത്രികര്‍ മാത്രമേ പാടുള്ളൂ. ഞായറാഴ്ച സംസ്ഥാനത്ത് പൊതു അവധിദിനമാണ്. വാഹനങ്ങള്‍ പുറത്തിറക്കരുത്.