കര്‍ഷകന് 5 ലക്ഷം നഷ്ടം; വാഴകളില്‍ സമൂഹികവിരുദ്ധര്‍ വിഷം കുത്തിവച്ചു

തൃശൂര്‍: ലോണെടുത്ത് ചെയ്ത വാഴകൃഷിയില്‍ സാമൂഹികവിരുദ്ധര്‍ വിഷംകുത്തിവച്ച് നശിപ്പിച്ചതിനാല്‍ കര്‍ഷകന് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി. പുത്തൂര്‍ തുളിയാങ്കുന്ന് നെറ്റിക്കാടന്‍ ജോസ് ലോണെടുത്ത് നടത്തിവന്ന വാഴകൃഷിയാണ് നശിപ്പിച്ചത്. അഞ്ഞൂറിലധികം വാഴകളാണ് വിഷം കുത്തിവച്ചതിനെത്തുടര്‍ന്ന് നശിച്ചത്.

പാട്ടത്തിനെടുത്ത ഒരു ഏക്കര്‍ ഭൂമിയിലാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ജോസ് വാഴകൃഷി നടത്തുന്നത്. ദിവസവും ഏഴ് മണിക്കൂറിലധികം സമയം ഇതിന്റെ പരിപാലനത്തിനായി ജോസ് നീക്കിവയ്ക്കുമായിരുന്നു. തോട്ടത്തില്‍ അഞ്ഞൂറിലധികം വാഴകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജോസ് തോട്ടത്തിലെത്തിയപ്പോള്‍ എല്ലാ വാഴയുടെയും ചുവട്ടില്‍ പതിവില്ലാതെ കാല്‍പ്പാടുകള്‍ കണ്ടു. സംശയംതോന്നിയ ജോസ് വിശദമായി പരിശോധിച്ചപ്പോള്‍ എല്ലാ വാഴയിലും ദ്വാരങ്ങള്‍ ഉള്ളതായും ദ്വാരങ്ങളില്‍നിന്ന് പ്രത്യേക ദ്രാവകം ഒവിച്ചിറങ്ങുന്നതും കണ്ടു. ഉടന്‍ കൃഷിവിദഗ്ധരെ ബന്ധപ്പെട്ട് വിവരം പറഞ്ഞു. അവരെത്തി വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് വാഴകള്‍ നശിപ്പിക്കാന്‍ ആരോ വിഷം കുത്തിവച്ചതാണെന്നു ബോധ്യമായത്. എന്തു വിഷമാണ് കുത്തിവച്ചതെന്നു വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. സ്വര്‍ണം പണയംവച്ച് അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് ജോസ് വാഴ കൃഷി ആരംഭിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി തൃശൂര്‍ എസിപി വി കെ രാജു അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →