കിന്‍ഷസ: കിഴക്കന്‍ കോംഗോയില്‍ ഭീഷിണിയായി എബോള. കഴിഞ്ഞ ദിവസം എബോള ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ കടന്നുകളഞ്ഞതോടെയാണ് ഭീതി ഇരട്ടിയായിരിക്കുന്നത്. എബോളയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന്് വിശ്വസിച്ച് അധികൃതര്‍ സ്വീകരിച്ചുവന്ന നടപടികളെല്ലാം തകിടംമറഞ്ഞിരിക്കുകയാണ്. ആറ് പേര്‍ക്കാണ് കോംഗോയില്‍ ഇന്നുവരെ എബോള സ്ഥിരീകരിച്ചത്. മീസില്‍സ്, കോളറ, കൊവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വേട്ടയാടി കൊണ്ടിരിക്കുന്ന കോംഗോയില്‍ കഴിഞ്ഞയാഴ്ചയാണ് എബോള റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 332 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 25 പേര്‍ മരിക്കുകയുമുണ്ടായി. ഇത്രയേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് എബോള രോഗി ആശുപത്രിയില്‍ നിന്നും കടന്നത്. ഇതോയെ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമെന്ന ആശങ്കയും അധികൃതരെ അലട്ടുന്നു. ഇതേ തുടര്‍ന്ന് കിഴക്കന്‍ കോംഗോയില്‍ എബോള വ്യാപകമായി പടര്‍ന്നു പിടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
2016ന് ശേഷമുള്ള എബോളയുടെ രണ്ടാം വരവ് തടഞ്ഞു നിറുത്താനായെന്ന ആശ്വാസത്തിലായിരുന്നു കോംഗോ.2,200 ലധികം പേരാണ് 2018 ഓഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട എബോളയുടെ രണ്ടാം വരവില്‍ കോംഗോയില്‍ ഇതേവരെ മരിച്ചത്. എന്നാല്‍ ഏപ്രില്‍ 10ന് കോംഗോയില്‍ വീണ്ടും എബോള വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അന്ന് മുതല്‍ രോഗവ്യാപനം തടയാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയായിരുന്നു കോംഗോയിലെ ആരോഗ്യപ്രവര്‍ത്തകരും ലോകാരോഗ്യ സംഘടനയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28 കാരനായ മോട്ടോര്‍ ബൈക്ക് ടാക്‌സി ഡ്രൈവറില്‍ എബോള റിപ്പോര്‍ട്ട ചെയതത്. ഇയാളെ ബെനി നഗരത്തിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞ ആളെ അന്വേഷിച്ചു വരികയാണെന്നും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുമെന്നും ആശുപത്രി അധികാരികള്‍ അറിയിച്ചു.

