ന്യൂഡൽഹി ഏപ്രിൽ 17: പ്രവാസി മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ സുരക്ഷിതമായി ക്വാറന്റീനില്‍ പാര്‍പ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം.
സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനുമുന്‍പ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 -100 രാജ്യാന്തര വിമാനങ്ങളാണ്. ശരാശരി സീറ്റുകളുടെ എണ്ണം 18,000. കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തില്‍ മൂന്നിലൊന്നു യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നാണു സൂചന. ഇതുപ്രകാരമാണ് പ്രതിദിനം 6000 പേര്‍ എത്തുമെന്ന കണക്ക്.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ നോര്‍ക്ക ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വിവരങ്ങള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ പേര്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു.