രാജ്യത്ത് കോവിഡ് ബാധിതർ 13000 കടന്നു

ന്യൂഡല്‍ഹി ഏപ്രിൽ 17: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 13,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,007 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ 13,387 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23 പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തോടെ ആകെ മരണസംഖ്യ 437ആയി. 11,201 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 1,749 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 3,202 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 194 പേര്‍ മരണമടയുകയും ചെയ്തു.

മഹാരാഷ്ട്ര കഴിഞ്ഞാൽ പിന്നെ ഡൽഹിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. 1,640 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചത്. 38 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലാകട്ടെ രോഗികളുടെ എണ്ണം 1,267 ആയി ഉയര്‍ന്നു. മധ്യപ്രദേശില്‍ 1,164 പേര്‍ക്കും രാജസ്ഥാനില്‍ 1,131 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 55 പേരാണ് ഇതുവരെ മരിച്ചത്.

ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു. 36 പേര്‍ മരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 805 പേര്‍ക്കും തെലങ്കാനയില്‍ 700 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 534 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 394 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →