ന്യൂയോർക്ക് ഏപ്രിൽ 5: കൊറോണവൈറസ് അതിരൂക്ഷമായി തന്നെ ലോകത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്നു. രോഗബാധിതർ 12 ലക്ഷം കടന്നു. മരണസംഖ്യ 64,000 കടന്നു. യുഎസിൽ മാത്രം രോഗബാധിതർ മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. യുഎസിൽ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ 630 മരണങ്ങളും ന്യൂയോർക്കിലാണ്. ഇതടക്കം ഇവിടെ ആകെ മരണം 8300 ആയി. ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് സ്പെയിൻ രണ്ടാമതെത്തി.സ്പെയിനിൽ 1,26,168 ഉം ഇറ്റലിയിൽ 124,632 ഉം രോഗബാധിതരാണുള്ളത്. ജർമനിയിലും ഫ്രാൻസിലും രോഗികൾ ഒരു ലക്ഷത്തിനടുത്തേക്കെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ ചൈനയിപ്പോൾ ആറാം സ്ഥാനത്തായി.
ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 15,362 ആയി. സ്പെയിനിൽ ഇന്നലെ 809 മരണം റിപ്പോർട്ട് ചെയ്തു. ഇവിടെ മൊത്തം മരിച്ചവർ 11,947 പേരാണ്. ഫ്രാൻസിൽ മരണസംഖ്യ 7560 ഉം യുകെയിൽ 4313 ഉം ആയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള ജർമനിയിൽ മരണം 1444 ആണ്. ജോർജിയയിലും കുവൈത്തിലും ശനിയാഴ്ച കോവിഡ് 19 മൂലമുള്ള ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങളിലെല്ലായിടത്തുമായി മരണം 50 കടന്നു.
ചൈനയിൽ 24 മണിക്കൂറിനിടെ 30 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് മരണങ്ങളും ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പഠനപ്രകാരം കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇറ്റലിയിൽ പുതിയ രോഗികൾ കുറഞ്ഞിട്ടുണ്ട്. ചൈന, ഇറാൻ, നെതർലൻഡ്, ബെൽജിയം എന്നീ രാജ്യങ്ങളിലും പുതിയ രോഗികൾ കുറഞ്ഞിട്ടുണ്ട്.
അതേ സമയം തന്നെ യുഎസ്,ഫ്രാൻസ്,സ്പെയിൻ, യുകെ, ജർമനി എന്നീ രാജ്യങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർധനവാണുള്ളത്. ഇതിൽ യുഎസിലാണ് ഏറ്റവും വലിയ കുതിച്ചുകയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.