കോവിഡ് 19: നിസാമുദ്ദീനിൽ പ്രാർത്ഥന യോഗത്തിൽ ഇരുപതോളം മലയാളികളും പങ്കെടുത്തതായി സൂചന

ന്യൂഡൽഹി മാർച്ച്‌ 31: നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേർ കൊവിഡ് നിരീക്ഷണത്തിൽ. മർക്കസിൽ നടന്ന ഒരു മതപരമായ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിയ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ചില മലയാളികളും ചടങ്ങിൽ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്. പരിപാടിയിൽ പങ്കെടുത്ത ചില തമിഴ്നാട്, തെലങ്കാന സ്വദേശികൾ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇതു സമൂഹവ്യാപനത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്ക ശക്തമാണ്. 

നിസ്സാമുദ്ദീൻ ആസ്ഥാനമായ തബ്‍ലീ​ഗ് ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച ആ​ഗോള പ്രാർത്ഥനാ യോ​ഗമാണ് കൊവിഡ് വൈറസിൻ്റെ ദേശീയതലത്തിലുള്ള വ്യാപനത്തിന് കളമൊരുക്കിയിരിക്കുന്നത്. ജമ്മു കശ്മീ‍‍ർ, തമിഴ്നാട്, ക‍ർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം യോ​ഗത്തിനെത്തിയവ‍ർ വഴി വൈറസ് പടർന്നതായാണ് സംശയിക്കുന്നത്. 

മാർച്ച് മാസത്തിൽ പലദിവസങ്ങളിലായി നടന്ന ആ​ഗോള പ്രാർത്ഥന സം​ഗമത്തിന് തായ്ലൻഡ്, ഇന്തോനേഷ്യ,മലേഷ്യ, സൗദി അറേബ്യ, കിർ​ഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകളെത്തിയിരുന്നു. മാർച്ച് 24-ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും പരിപാടിക്കെത്തിയ 1300-ഓളം പേർ മേഖലയിൽ തന്നെ ഡോർമിറ്ററികളിലും മറ്റുമായി തങ്ങുകയായിരുന്നു എന്ന് പൊലീസ് അറിയിക്കുന്നു. മാർച്ച് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പരിപാടിയിൽ പങ്കെടത്തവരിലാണ് വ്യാപകമായി രോ​ഗം പടർന്നിരിക്കുന്നത്. 

കഴിഞ്ഞ പതിനെട്ടിന് മർക്കസിൽ നടന്ന മത ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചൂറിലധികം പേർ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിയഞ്ചുകാരനും ഈ കൂട്ടത്തിലുണ്ടായിരുന്നു. ആന്ധ്രപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരനും ആന്റമാൻ നിക്കോബാറിൽ നിന്നുള്ള ആറ് പേരും ഇതേ ചടങ്ങിൽ പങ്കെടുത്തവരാണ്. ഈ സാഹചര്യത്തിലാണ് പരിസരത്തുള്ളവരെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

രോഗലക്ഷണങ്ങൾ കാണിച്ച ചിലരെ പരിശോധനയ്ക്കും വിധേയമാക്കി. സ്ഥലത്ത് മെഡിക്കൽ ക്യാന്പ് തുടങ്ങിയിട്ടുണ്ട്. തെർമൽ സ്ക്രീനിങ്ങ് നടത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്തുണ്ട്. വിദേശത്ത് നിന്നുൾപ്പടെ ആളുകൾ മർക്കസിലെത്താറുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു.

കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ചില വിദേശികളും ഇവിടെ എത്തിയിരുന്നു. ഈ വിദേശികളുമായി സമ്പർക്കം പുലർത്തിയ തമിഴ്നാട്ടിലെ മധുര സ്വദേശി ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. കർണാടകയിൽ കൊവിഡ് ബാധിതനായി മരിച്ച തുംകൂർ സ്വദേശിയും ഇവിടെ പരിപാടിക്ക് എത്തിയിരുന്നു. ആകെ 250-ഓളം വിദേശികൾ ഈ പരിപാടിക്ക് എത്തിയിരുന്നതായാണ് പ്രാഥമിക വിവരം.

പരിപാടിക്കെത്തിയെ പത്തംഗ ഫിലീപ്പിൻസ് പൗരൻമാരുടെ സംഘത്തിൽപ്പെട്ട ഒരാൾ മുംബൈയിൽ വച്ചു മരണപ്പെട്ടിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് പോയ രണ്ട് തായ്ലാൻഡ് പൗരൻമാരിൽ നിന്നും നേരിട്ടും പരോക്ഷമായും പതിനാല് പേരിലേക്കാണ് രോ​ഗം പക‍ർന്നത്. സ്ഥലത്തെ പ്രവേശനം തടഞ്ഞ പൊലീസ് ഡ്രോൺ ഉപയോഗം നിരീക്ഷണം നടത്തുന്നുണ്ട്. ചടങ്ങിൽ ഇരുപതോളം മലയാളികളും പങ്കെടുത്തതായി സൂചനയുണ്ട്. പ്രാർത്ഥനയിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി അവിടെ വെച്ച് മരണമടയുകയും അവിടെ തന്നെ അടക്കം ചെയ്യുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →