കാസർഗോഡ് ഫെബ്രുവരി 27: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കേരള സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയുടെയും ഹരിത കേരളം, ശുചിത്വ മിഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തനിമ – ബദല്‍ ഉല്പന്ന മേള ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിത്യജീവിതത്തില്‍ നിന്നും എങ്ങനെ പ്ലാസ്റ്റിക്കിനെ ഒഴിവാക്കാമെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നും നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയില്‍ നടക്കുന്നത്. ഹോസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന മേളയ്ക്ക് വന്‍ജന പിന്‍തുണയാണുള്ളത്. ബദല്‍ ഉത്പന്നങ്ങള്‍ പരിചയിക്കാനും വാങ്ങിക്കുവാനുമായി നിരവധിപേരാണ് മേളയില്‍ എത്തുന്നത്.
തുണികൊണ്ടുള്ള സഞ്ചി, ചവിട്ടി, ഓഫീസ് ബാഗ്, ഹാന്റ് ബാഗ്, കടലാസുകൊണ്ടുള്ള പേന, പെന്‍സില്‍, സ്ട്രോ, ഇയര്‍ ബഡ്സ്, മരം കൊണ്ടുള്ള പേന, കത്തി, ഫോര്‍ക്ക്, പാള കൊണ്ടുള്ള പ്ലേറ്റ്, വിവിധ കണ്‍ടെയ്നറുകള്‍, കരിമ്പിന്‍ ചണ്ടി കൊണ്ടുള്ള വിവിധ തരം പാത്രങ്ങള്‍, ബദല്‍ സോപ്പ് നിര്‍മ്മാണ കിറ്റ്, ചൂടാറാപ്പെട്ടി എന്നിവയുടെ പ്രദര്‍ശനവും വില്പനയും മേളയില്‍ ഉണ്ട്. മേള ഫെബ്രുവരി 28 ന് സമാപിക്കും.