കൊച്ചി ഫെബ്രുവരി 27: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും പരിശീലനവും നല്‍കുന്ന ‘കാഴ്ച’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ എസ്. ശര്‍മ്മ നിർവ്വഹിച്ചു. പരിമിതി ഉള്ളവരും ഇല്ലാത്തവരും ഒരു പോലെയെന്ന് കണക്കാക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് എംഎൽഎ പറഞ്ഞു. പരിമിതിയുള്ളവർക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷ, സംരക്ഷണം, പ്രോത്സാഹനം എന്നിവ കൊടുക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള തീവ്രയജ്ഞമാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ നടത്തിക്കൊണ്ടു വരുന്നത്. പരിമിതികളെ അതിജീവിക്കുവാനുള്ള ശാസ്ത്ര സാങ്കേതിക സഹായത്തിെന്റെ സംരക്ഷണമാണ് ഈ പദ്ധതിയുടെ ഹൃദയമെന്നും അദ്ദേഹം പറഞ്ഞു.
കാഴ്ച പരിമിതിയുള്ളവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വിവോ വൈ 12 സ്മാർട്ട് ഫോണുകളുടെ വിതരണവും എംഎൽഎ നിർവ്വഹിച്ചു. ഇ- സ്പീക്ക്, മണി റീഡർ, ടാപ് – ടാപ് സീ, ടോക്ക് ബാക്ക് തുടങ്ങി കാഴ്ച പരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ‘ഹസ്തദാന’ പദ്ധതിയില്‍ 12 വയസ്സുവരെ പ്രായമായ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരില്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ് നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഷിബു കൈമാറി. കേള്‍വി വൈകല്യമുള്ളവര്‍ക്കുള്ള ശ്രവണസഹായി വിതരണം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി നിർവ്വഹിച്ചു.
ജില്ലയിൽ സ്മാർട്ട് ഫോണുകൾ 90 പേർക്കും ശ്രവണ സഹായി 50 പേർക്കും ഹസ്തദാനം സ്ഥിര നിക്ഷേപം 30 പേർക്കുമാണ് നൽകുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി, റീജിയണൽ ഓഫീസർ ഇൻ ചാർജ് ഉണ്ണിക്കൃഷ്ണൻ ഒ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന സെക്രട്ടറി സി. സജീവ്, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ ജാക്സൺ പെരേര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
