വിചാരണയില്ലാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി ഫെബ്രുവരി 11: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജിയിന്മേലുള്ള പ്രാഥമിക വാദം ഈ മാസം 22ന് ആരംഭിക്കും. കോടതി കഴിഞ്ഞ നാലുതവണ കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2014-16 കാലയളവില്‍ കുറുവിലങ്ങാട് മഠത്തില്‍വച്ച് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 9നാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →