അമൃത്സര്‍ ഫെബ്രുവരി 4: ഇന്ത്യയിലെത്തുന്ന പാകിസ്ഥാനി ഹിന്ദുക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് റിപ്പോര്‍ട്ട്. അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് തിങ്കളാഴ്ച മാത്രം രാജ്യത്തെത്തിയത് 200 പാക് ഹിന്ദുക്കളാണ്. അതിര്‍ത്തി ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ പലര്‍ക്കും താത്പര്യമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലെത്തുന്നവരില്‍ ഭൂരിഭാഗവും.
പാകിസ്ഥാനില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നും എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്‍മക്കള്‍ കഴിയുന്നതെന്നും അവര്‍ പറയുന്നു. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല-സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പാകിസ്ഥാനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ നാല് കുടുംബങ്ങളെ അതിര്‍ത്തിയില്‍ വച്ച് സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്ത ദിവസം കൂടിക്കാഴ്ച നടത്തും. അവര്‍ക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മഞ്ചീന്ദര്‍ സിര്‍സ ട്വീറ്റ് ചെയ്തു.