ന്യൂഡൽഹി ഫെബ്രുവരി 4: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പാണ് ആം ആദ്മി പാർട്ടി (എഎപി) പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ, പാർട്ടി നേതാക്കളായ ഗോപാൽ റായ്, സഞ്ജയ് സിംഗ്, ജാസ്മിൻ ഷാ, ഡോ. അജോയ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത് .
“എല്ലാ സാധാരണക്കാരെയും അന്തസ്സോടെയും സമൃദ്ധിയോടെയും ജീവിക്കാൻ പ്രാപ്തരാക്കുകയാണ് ആം ആദ്മി പാർട്ടിയുടെ കാഴ്ചപ്പാട്,” – സിസോഡിയ പറഞ്ഞു. യുവാക്കളെയും സ്ത്രീകളെയും സാധാരണക്കാരെയും ശാക്തീകരിക്കുക എന്നതാണ് പ്രകടന പത്രികയുടെ പിന്നിലെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിന്റെയും യമുന നദിയുടെയും ശുചിത്വം, സ്ത്രീ സുരക്ഷ, ആരോഗ്യം, 24 മണിക്കൂർ വൈദ്യുതി, ശുദ്ധജലം എന്നിവ ആം ആദ്മി പാർട്ടിയുടെ വാഗ്ദാനങ്ങളാണ്- അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം മുതിർന്ന പൗരന്മാർക്ക് റേഷൻ വിതരണം, സൗജന്യ തീർത്ഥാടനം എന്നിവയും ആം ആദ്മി പാർട്ടിയുടെ വാഗ്ദാനങ്ങളിൽപെടുന്നു.