ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് വിധിച്ചു. കോടതി വിധി കേന്ദ്രസര്‍ക്കാരിന് ആശ്വാസമാണ്.
ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14ന് കോടതി തള്ളിയിരുന്നു. ഇടപാടില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മേയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

