ചെന്നൈ ആഗസ്റ്റ് 20: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ അറസ്റ്റ് ചെയ്ത ഏഴ് കുറ്റക്കാരില്‍ ഒരാളായ നളിനി (52) പരോള്‍ ഒരു മാസം കൂടി നീട്ടികിട്ടണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മകളുടെ വിവാഹത്തിനായാണ് നളിനി പരോളിലിറങ്ങിയത്. അതിന് വേണ്ടുന്ന ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കാനാണ് പരോള്‍ നീട്ടുന്നത്.
നളിനിയുടെ ഹര്‍ജി പരിഗണിച്ച്, ആഗസ്റ്റ് 22ന് മുമ്പാകെ കോടതിയെ ബോധിപ്പിക്കണമെന്ന് ജസ്റ്റിസ് എംഎം സുന്ദരേശ്, ജസ്റ്റിസ് എം നിര്‍മ്മല്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തമിഴ്നാട് കോടതിയോട് നിര്‍ദ്ദേശിച്ചു.
വെല്ലൂര്‍ ജയില്‍ അധികൃതര്‍ നളിനിയുടെ അപേക്ഷ നിരസിച്ചത് മൂലമാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ ആവശ്യങ്ങള്‍ പൂര്‍ത്തിക്കരിക്കാന്‍ ഒരു മാസം കൂടി വേണമെന്നാണ് നളിനിയുടെ അപേക്ഷ.
നളിനിയുടെ ഭര്‍ത്താവ് മുരുകന്‍റെ സഹോദരന്‍, ശ്രീഹരണിന്‍റെ ഒപ്പമാണ് മകള്‍ ലണ്ടനില്‍ താമസിക്കുന്നത്, അവര്‍ അടുത്ത മാസം ആദ്യവാരം ഇന്ത്യയിലെത്തും.

