കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; 3 മരണം, മുന്നറിയിപ്പ് പ്രഖ്യാപിച്ചു

കൊച്ചി ജൂലൈ 20: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി മൂന്ന് മരണം. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. എട്ട് പേരെ കാണാതാവുകയും ചെയ്തു. നിരന്തരമായ മഴയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 12 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളാണ് ജലനിരപ്പ് ഉയര്‍ന്നത് കാരണം ശനിയാഴ്ച തുറന്നത്. ഭൂതത്താന്‍കെട്ടിന്‍റെ 9 ഷട്ടറുകളുടെ മലങ്കര ഡാമിന്‍റെ 2 ഷട്ടറുകളും തുറന്നു. ഡാമുകള്‍ തുറന്നത് മൂലം മൂവാറ്റുപുഴ, പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച കൊല്ലം നീണ്ടകരയില്‍ നിന്ന് മൂന്ന് മീന്‍പിടുത്തക്കാരെ കാണാതായി. വിഴിഞ്ഞത്ത് നിന്നും വ്യാഴാഴ്ച നാല് മീന്‍പിടുത്തക്കാരെ കാണാതായി. അവരെ കണ്ടെത്താനായി നാവികസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് കോട്ടയത്ത് എല്ലാ വിധത്തിലുമുള്ള ഖനനം നിരോധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →