ദുരന്തകാലത്തെ മാനസിക പ്രതികരണങ്ങള്‍

കേരളം കരഞ്ഞപ്പോള്‍
വെള്ളം ചിറകെട്ടി നിര്‍ത്തിയപ്പോള്‍, നദികള്‍ കരഞ്ഞു
കാടുകള്‍ വെട്ടിനിരത്തിയപ്പോള്‍, മരങ്ങള്‍ കരഞ്ഞു
കുന്നുകള്‍ ഇടിച്ച് ചരലാക്കിയപ്പോള്‍, ഭൂമി കരഞ്ഞു
ആകാശം പ്രക്ഷുബ്ധമായപ്പോള്‍,
ഇനി നമ്മുടെ ഊഴമാണ്-കരയുക
പ്രളയം ഇങ്ങനെ നമ്മോട് പറയുന്നു…

ഇതോര്‍മ്മിച്ചുകൊണ്ട് പ്രളയമെന്ന പ്രകൃതിദുരന്തത്തോട് നമ്മുടെ മനസ്സ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പൊരുത്തപ്പെടുന്നതെന്നും നിരീക്ഷിക്കാം.

ദുരന്തകാലത്തെ മാനസിക പ്രതികരണങ്ങള്‍.
ഈ നൂറ്റാണ്ടിലുണ്ടായ ഭീതിപ്രദമായ പ്രകൃതിദുരന്തത്തിന്‍റെ അനന്തരഫലമായി കേരള ജനത നേരിട്ട മാനസികക്ഷതം എന്താണെന്ന് ഗൗരവത്തോടെ തന്നെ നോക്കി കാണണം. ഇതുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങള്‍ ഇവിടെ ഉന്നയിക്കുന്നു.

എന്താണ് ദുരന്തം?
ദുരന്തമെന്നത് രണ്ടു ലത്തിന്‍ വാക്കുകളുടെ സംയോജനമാണ്.- ഡിസ്-എതിരായി മാറുക; ആസ്ട്രം-നക്ഷത്രങ്ങള്‍; നക്ഷത്രങ്ങള്‍ നമുക്കെതിരായി മാറുന്നത് എന്നാണ് ആ വാക്കിനര്‍ത്ഥം. സംഭവശൂന്യമായ ജീവിതപ്രവാഹത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന വേദനയുളവാക്കുന്ന സ്ഥിതിവിശേഷത്തെ ദുരന്തം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കാം. ഇത് മനുഷ്യനിര്‍മിതമായ യുദ്ധമോ, ഭീകരാക്രമണമോ അല്ലെങ്കില്‍ പ്രകൃതിദായകമായ കൊടുങ്കാറ്റ്, സുനാമി, പ്രളയം എന്നിവയോ ആകാം.

ദുരന്തമുണ്ടാകുമ്പോള്‍ സംജാതമാകുന്ന മാനസിക സ്ഥിതി എന്ത്?
വളരെ സാധാരണ നിലയില്‍ പോയിരുന്ന സാമൂഹ്യ, കുടുംബ വ്യവഹാരങ്ങളില്‍ പെട്ടെന്ന് വിള്ളലുണ്ടാകുന്നു. വളരെ ചിട്ടയായി പോകുന്ന ജീവിതം പൂര്‍ണ്ണമായും നിശ്ചലമായിപോകുന്ന അവസ്ഥയാണ് ദുരന്തം ഉണ്ടാക്കുന്നത്. ഭക്ഷണം, വാഹനസൗകര്യം, കുടിവെള്ളം, വാര്‍ത്താവിനിമയസൗകര്യം ഇതെല്ലാം പെട്ടെന്ന് നിലച്ചുപോകുന്നു. സമ്പാദ്യവും, വീടും, ജീവന്‍ തന്നെയും നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ മനസിനെ കൊണ്ടുചെന്നെത്തിക്കുന്ന ദുരന്തങ്ങള്‍. ശക്തിഹീനരാകുന്നു എന്ന തോന്നല്‍ മാനസിക നിയന്ത്രണം ഇല്ലാതാക്കുന്നു. ഏതു ദുരന്തവുമായും പൊരുത്തപ്പെടാന്‍ ഒരാള്‍ ഉണ്ടാക്കിയെടുക്കേണ്ടത് ആത്മനിയന്ത്രണമാണ്. ഇത് നഷ്ടപ്പെട്ടാല്‍ ഉഗ്രഭയവും നിസ്സഹായവസ്ഥയും ഉടലെടുക്കും.

മൂന്ന് ഘട്ടങ്ങളിലായി ദുരന്ത സമയത്തെ മനുഷ്യ പ്രതികരണത്തെ നിരീക്ഷിക്കാം.

ആദ്യ ഘട്ടത്തില്‍ ഭയം, ഉഗ്രഭീതി, ഞെട്ടല്‍, അവിശ്വസനീയത, നിശ്ചലാവസ്ഥ തുടങ്ങിയ തീക്ഷണ വികാരങ്ങള്‍ ഉത്തേജിപ്പിക്കപ്പെടും. ഒരു തരം അയഥാര്‍ത്ഥ്യതയിലേക്ക് നയിക്കപ്പെടും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയി… ഒരു പേടി സ്വപ്നം… ഇതില്‍ നിന്നും മുക്തരാകണം… എല്ലാം പഴയതുപോലെയാകും. എല്ലാവരും ഈ ചിന്തയില്‍ മുന്നോട്ട് നയിക്കപ്പെടും.

രണ്ടാമത്തെ ഘട്ടത്തില്‍ ക്യാംപിലെയും ബന്ധുവീടുകളിലേയും പുതിയ സാഹചര്യങ്ങളുമായി ഇഴുകിചേരാന്‍ തുടങ്ങും, വളരെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്നും അസ്ഥിരമായ ഭാവിയില്‍ എത്തിപ്പെട്ടതിന്‍റെ ആകുലതയുമായി. കൂടാതെ ഉറക്കമില്ലായ്മ. ദേഷ്യം, അസഹിഷ്ണുത, തലവേദന, മയക്കം തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളും ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെടും.

മൂന്നാമത്തെ ഘട്ടത്തില്‍ അതിജീവിച്ചവര്‍ നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങും. പ്രിയപ്പെട്ടവരുടെ നഷ്ടം, സ്വത്തിനും മറ്റു ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും നേരിട്ട നാശങ്ങള്‍ എന്നീ മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു. വീണ്ടും പ്രളയം ഉണ്ടാകുമോ എന്ന ഭയവും അനിശ്ചിതാവസ്ഥയും അനുഭവിക്കാന്‍ തുടങ്ങും. ഉദാഹരണത്തിന് പ്രളയശേഷം ഉണ്ടാകുന്ന ചെറിയ മഴ പോലും ആളുകളില്‍ ഭയാനകമായ പ്രതികരണങ്ങള്‍ ഉണ്ടാക്കും. പ്രളയം സൃഷ്ടിച്ച ആഘാതം അതിജീവനഘട്ടത്തിലും ദുസ്വപ്നമായി, പ്രളയത്തിന്‍റെ മുഖമുദ്രയായി അവരെ പിന്‍തുടരുന്നു.

സഹായിക്കാന്‍ സന്നദ്ധരായി വരുന്ന പ്രാദേശിക നേതാക്കളും സന്നദ്ധ സംഘടനകളും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന തോന്നലില്‍ നിന്നുണ്ടാകുന്ന നിരാശയും ദേഷ്യവും അവര്‍ പ്രകടിപ്പിക്കുന്നു. ഇത് സഹായിക്കാന്‍ വരുന്നവരിലും വിഷമം ഉണ്ടാക്കുന്നു.
ആരംഭഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത പല മാനസികപ്രശ്നങ്ങളും മാറ്റിയെടുക്കാന്‍ ആറു മാസത്തോളം വേണ്ടി വരുന്നു. ഇതിനു ശേഷവും സംരക്ഷണം കൊടുത്തു കൊണ്ടേയിരിക്കണം. ദുരന്തെത്തെയും അത് സൃഷ്ടിച്ച ആഘാതത്തെയും നിര്‍ണ്ണയിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ദുരന്തത്തിനോട് എല്ലാവരും ഒരുപോലെ അല്ല പ്രതികരിക്കുന്നത്. വ്യക്തിപരമായതും സ്വകാര്യമായതുമായ ഘടകങ്ങളും ദുരന്തത്തെ തരണം ചെയ്യാന്‍ സഹായിക്കുന്നു. ദുരന്തസാഹചര്യവുമായുള്ള പൊരുത്തപ്പെടല്‍, പൂര്‍വ്വസ്ഥിതി പ്രാപിക്കല്‍, പരസ്പര ബന്ധം, സാമൂഹിക പങ്കാളിത്തം എന്നിവ ഇതില്‍ പ്രധാനങ്ങളാണ്. യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിഷ്ക്രിയരായി നിന്നവരേക്കാള്‍ യാതൊരു വിധ തയ്യാറെടുപ്പുകളുമില്ലാതെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചവരിലാണ് കൂടുതല്‍ ആത്മവിശ്വാസം കാണപ്പെട്ടത്.

ദുരന്തത്തില്‍ എളുപ്പത്തില്‍ വ്രണിതരാകാവുന്ന വിഭാഗം ജീവിതം വളരെ കഷ്ടതയിലായി തീര്‍ന്നവരാണ്. വീട് പുലര്‍ത്തേണ്ടവര്‍ക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍, ശാരീരിക വൈകല്യങ്ങള്‍ എന്നിവ പോലുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണം.

ഇവര്‍ക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് തുടങ്ങേണ്ടത് ദുരന്തം അതിജീവിച്ചവരുമായി ആദ്യം ബന്ധപ്പെടുന്നവരാണ്. ഇതൊരിക്കലും മാനസികാരോഗ്യ വിദഗ്ധനോ മനോരോഗ ചികിത്സകനോ അല്ല ചെയ്യേണ്ടത്, പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്ന പ്രദേശിക സംഘടനകളോ സൈനികരോ മറ്റ് രക്ഷാപ്രവര്‍ത്തകരോ ആണ്. ഇങ്ങനെയുള്ള ആളുകള്‍ക്ക് പരിശീലനം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ദുരന്തബാധിതര്‍ക്ക് അവര്‍ സുരക്ഷിതരാണെന്നും വളരെ സുരക്ഷിതമായ സ്ഥലത്താണ് ഉള്ളതെന്ന തോന്നലും ശാന്തമായ ഒരന്തരീക്ഷവും ശുഭാപ്തി വിശ്വാസവും ഉണ്ടാക്കണം. അടുത്ത ഘട്ടത്തില്‍ മാനസിക നില മെച്ചപ്പെടുകയും അപകട നില തരണം ചെയ്തുവെന്ന തോന്നല്‍ ഉണ്ടാക്കുകയും സഹായിക്കാന്‍ വന്നവര്‍ ഇവരെ ഉപദ്രവിക്കില്ല എന്ന തോന്നലും ഉണ്ടാകണം. അവരില്‍ അപകര്‍ഷത ഉണ്ടാക്കാത്ത രീതിയില്‍ സഹായം ചെയ്യുവാനും അംഗീകരിക്കാനും തയ്യാറാകണം.

സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങള്‍, ആരോഗ്യ സുരക്ഷാപ്രവര്‍ത്തകര്‍, മനോരോഗ വിദഗ്ധന്‍, മനോരോഗ ചികിത്സകന്‍ എന്നിവരുടെ പ്രവര്‍ത്തന പാടവം ആറുമാസക്കാലമോ അതില്‍ക്കൂടുതലോ ഇവര്‍ക്ക് ലഭിക്കണം, ഈ കാലയളവിനുശേഷം ഇവരുടെയൊന്നും സഹായം ആവശ്യമില്ലാത്ത സ്ഥിതിയിലെത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

സൈക്ക്യാട്രിസ്റ്റായ ഡോക്ടര്‍ ബിന്ദു മേനോന്‍ കാക്കനാട് ‘ദിശ’ എന്ന മാനസികാലയം നടത്തുന്നു. ദിശയുടെ ലക്ഷ്യം നല്ല മാനസികാരോഗ്യവും സ്വയാവബോധവും പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇംഗ്ലീഷില്‍ കഥകളും, കവിതകളും മനശാസ്ത്രകൃതികളും എഴുതിയിട്ടുണ്ട്.

bindumen@gmail.com,  ഫോൺ: +91 85929 92904

Share

About ഡോക്ടര്‍ ബിന്ദു മേനോന്‍

View all posts by ഡോക്ടര്‍ ബിന്ദു മേനോന്‍ →